'ബാഹുബലി: ദ് ടോര്‍ച്ച്‌ബെയറര്‍' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

'ബ്ലാസ്റ്റ്' മുതല്‍ 'ബാഹുബലി: ദ് ടോര്‍ച്ച്‌ബെയറര്‍' വരെ; ഒടിടിയില്‍ കാഴ്ചവിരുന്ന്

പപ്പപ്പ ഡസ്‌ക്‌

അര്‍ജുന്‍ സര്‍ജ-അഭിരാമി കൂട്ടുകെട്ടിന്റെ ബോക്‌സ്ഓഫീസ് ഹിറ്റ് 'ബ്ലാസ്റ്റ്', കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍നാടന്‍ തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍ 'മുത്തശ്ശി',അതിർത്തികളില്ലാത്ത പ്രണയത്തിന്റെ കഥ പറയുന്ന 'ഡിയർ കേരള കുട്ടി' എന്നുതുടങ്ങി ഇന്ത്യന്‍ സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയുടെ പത്ത് വര്‍ഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന ഡോക്യു-സീരീസ് 'ബാഹുബലി: ദ് ടോര്‍ച്ച്‌ബെയറര്‍' വരെ നിങ്ങളുടെ സ്വീകരണമുറിയിലെത്തുന്നു. ഈ വാരം ഒടിടിയിൽ ആസ്വദിക്കാൻ വിഭവങ്ങൾ ഒരുപാടുണ്ട്.

ബാഹുബലി: ദ് ടോര്‍ച്ച്‌ബെയറര്‍

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയുടെ പത്ത് വര്‍ഷത്തെ യാത്രയെയും അതിന്റെ സാംസ്‌കാരിക സ്വാധീനത്തെയും അടയാളപ്പെടുത്തുന്ന ഒരു ഡോക്യു-സീരീസ് ആണിത്. ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളും പ്രഭാസ്, റാണ ദഗുബതി, സംവിധായകന്‍ എസ്.എസ് രാജമൗലി എന്നിവരുടെ അനുഭവങ്ങളും ഇതില്‍ പങ്കുവെക്കുന്നു. നെറ്റ്ഫ്ലിക്സിൽ കാണാം.

'ബ്ലാസ്റ്റ്' പോസ്റ്റർ

ബ്ലാസ്റ്റ്

ആയോധനകലയില്‍ വൈദഗ്ധ്യമുള്ള ഒരു സാധാരണ ഇടത്തരം കുടുംബത്തിന്റെ കഥയാണ് ഈ തമിഴ് ചിത്രം പറയുന്നത്. അധോലോക സംഘവുമായി ഇവര്‍ അപ്രതീക്ഷിതമായി കോര്‍ക്കുന്നതോടെ കുടുംബത്തിന്റെ ജീവിതം അപകടത്തിലാകുന്നു. തുടര്‍ന്ന് ഒട്ടേറെ ആക്ഷന്‍ രംഗങ്ങളിലൂടെയും ട്വിസ്റ്റുകളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. അര്‍ജുന്‍ സര്‍ജ, അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

'ഡിയര്‍ കേരള കുട്ടി' പോസ്റ്റർ

ഡിയര്‍ കേരള കുട്ടി

സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറമുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള രസകരവും അപ്രതീക്ഷിതവുമായ സൗഹൃദത്തിന്റെ കഥയാണ് ഈ തെലുങ്ക് സീരീസ് പങ്കുവെക്കുന്നത്. പ്രണയവും നര്‍മവും ഇരു നാട്ടിലെയും സാംസ്‌കാരിക വ്യത്യാസങ്ങളുമെല്ലാം ഒത്തുചേരുന്ന ഈ പ്രണയകഥ സപ്ന താക്കൂര്‍, സാഗ്‌സ് സാഗര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സമീര്‍ എസ്.കെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇടിവി വിന്നില്‍ കാണാം.

'ലിംഗം' പോസ്റ്റർ

ലിംഗം

ഒരു കബഡി ചാമ്പ്യന്‍ അപ്രതീക്ഷിതമായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിപ്പെടുന്ന കഥയാണ് ഈ തമിഴ് സീരീസ് പറയുന്നത്. താന്‍ ഒട്ടും ആഗ്രഹിക്കാത്ത അധോലോകത്തേക്ക് വിധിയുടെ ക്രൂരമായ ഇടപെടലുകള്‍ കാരണം അവന്‍ വലിച്ചിഴക്കപ്പെടുകയാണ്. ലക്ഷ്മി ശരവണകുമാര്‍ സംവിധാനം ചെയ്ത് കതിര്‍, ദിവ്യ ഭാരതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ സ്‌പോര്‍ട്‌സ് ക്രൈം ത്രില്ലര്‍ ജിയോഹോട്ട്സ്റ്റാറില്‍ കാണാം.

'മമ്മാട്ടിയാന്‍ സ്റ്റാര്‍സ്' പോസ്റ്റർ

മമ്മാട്ടിയാന്‍ സ്റ്റാര്‍സ്

ഒരു ചെറിയ ഗ്രാമത്തിലെ ക്രിക്കറ്റ് ആരാധകരുടെ കഥയാണ് ഈ തമിഴ് സീരീസ് ദൃശ്യവത്കരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരം എം.എസ് ധോണിയുടെ കരിയറിലെ അവസാന മത്സരം നേരിട്ട് കാണാനായി ഇവര്‍ ചെന്നൈയിലേക്ക് ഒരു ആവേശകരമായ യാത്ര തിരിക്കുന്നു. വൈഭവ് മുരുകേശന്‍, ലാവണ്യ, ശരത് രവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സീ ഫൈവില്‍ കാണാം.

'മുത്തശ്ശി'പോസ്റ്റർ

മുത്തശ്ശി

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍നാടന്‍ തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ഹൊറര്‍ ത്രില്ലറാണിത്. അമിത് ചക്കാലക്കല്‍, കെപിഎസി ലീല എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ മലയാളം ഒറിജിനൽ ഒട്ടേറെ ഭയപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ ഫൈവില്‍ കാണാം.

'ബ്രേക്ക്ഫാസ്റ്റ്'പോസ്റ്റർ

ബ്രേക്ക്ഫാസ്റ്റ്

ദാമ്പത്യ ജീവിതത്തിലെ വിയോജിപ്പുകൾക്കൊടുവില്‍ വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ദമ്പതികളുടെ കഥയാണ് തമിഴ് ചിത്രം പറയുന്നത്. ​ഗാന്ധികൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ റാണവ്,റോസ്മിൻ തടത്തിൽ തുടങ്ങിയവർ അഭിനയിക്കുന്നു. ജി.വി.പ്രകാശ് കുമാറാണ് സം​ഗീതം. വൈകാരികമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ റൊമാന്റിക് ഡ്രാമ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാണാം.