മലയാളത്തിലെ ഏറ്റവും വലിയ ഹൊറർ സംവിധായകനാകാൻ കൊതിച്ചു നടന്ന വിനീത് മാധവൻ എന്ന ചെറുപ്പക്കാരന് സംഭവിച്ചത് എന്താണ്? ആ കഥയായിരുന്നു 'മോളിവുഡ് ടൈംസ്'. 'മുകുന്ദനുണ്ണി അസോസിയേറ്റ്സി'ലൂടെ കറുത്തഫലിതത്തിന്റെ പുതിയ ലോകം സൃഷ്ടിച്ച അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ സിനിമയിൽ നസ്ലിൻ ആണ് വിനീത് മാധവൻ ആയി അഭിനയിച്ചത്.
സിനിമയ്ക്കുള്ളിൽ സിനിമയുടെ കഥ പറഞ്ഞവയുടെ പട്ടികയിൽ പെടുന്ന 'മോളിവുഡ് ടൈംസ്' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. വിജയകരമായ പ്രദർശനത്തിനുശേഷം ചിത്രം ഒടിടിയിലേക്ക് വരികയാണ്.
ജിയോ ഹോട്സ്റ്റാറിൽ ജൂലായ് മൂന്നുമുതൽ ആണ് 'മോളിവുഡ് ടൈംസ്' സ്ട്രീം ചെയ്യുക. ഹോട്സ്റ്റാർ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോടെ പ്രഖ്യാപിക്കപ്പെട്ട സിനിമ പക്ഷേ ഒടിടിയിലെത്തുമ്പോൾ 'എ ലവ്-ഹേറ്റ് ലെറ്റർ ടു മലയാളം സിനിമ' ആയി മാറിയിട്ടുണ്ട്. നസ്ലിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഷറഫുദീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരുടെ പ്രകടനങ്ങൾ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ആഷിഖ് ഉസ്മാൻ നിർമിച്ച സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് രാമു സുനിലാണ്. പശ്ചാത്തലസംഗീതം-ജേക്സ് ബിജോയ്.
സെൻസർ ബോർഡിനെ കബളിച്ചു എന്നതിന്റെ പേരിൽ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരേ കേസെടുത്തിരുന്നു. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില അസഭ്യവാക്കുകൾ മ്യൂട്ട് ചെയ്താണ് സെൻസർ ബോർഡിന് സമർപ്പിച്ചത്. അതുകൊണ്ട് സെൻസർ അനുമതി കിട്ടുകയും ചെയ്തു. എന്നാൽ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ ഈ ഭാഗങ്ങൾ മ്യൂട്ട് ചെയ്യാതെ, അസഭ്യവാക്കുകളോടെ തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തിയത് എന്നായിരുന്നു പരാതി. തുടർന്നാണ് കേസെടുത്തത്. ഒടിടിയിൽ വരുമ്പോൾ ഈ വാക്കുകൾ മ്യൂട്ട് ആയിരിക്കുമോ എന്നത് വ്യക്തമല്ല.