ബോക്സ് ഓഫീസ് ഇളക്കിമറിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ കളങ്കാവൽ ഒടിടി റിലീസിന്. ജനുവരി 16ന് ചിത്രം സോണി ലിവ്-ൽ സ്ട്രീമിങ് ആരംഭിക്കും. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ഒടിടിയിലും വലിയ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബർ 5-ന് ആണ് കളങ്കാവൽ തിയറ്ററുകളിൽ എത്തിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം. 'കുറ്റകൃത്യത്തേക്കാൾ ആഴത്തിലുള്ള നിഗൂഢതകളിലേക്ക് മമ്മൂട്ടി നടന്നു കയറുന്നത് അനുഭവിച്ചറിയൂ' എന്ന കുറിപ്പോടെയാണ് സോണി ലിവ് പ്രൊമോ പങ്കുവച്ചിരിക്കുന്നത്. റിലീസ് ചെയ്തത് മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കണക്കുകൾ പ്രകാരം:ആഗോള കളക്ഷൻ: 81.9 കോടി,ഇന്ത്യൻ നെറ്റ് കളക്ഷൻ: 37.07 കോടി,വിദേശ കളക്ഷൻ: 38.25 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ ബോക്സ്ഓഫീസ് നേട്ടം.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവലാണ് ഈ ചിത്രം. നിശബ്ദത കൊണ്ടും സൂക്ഷ്മമായ ചലനങ്ങൾ കൊണ്ടും അദ്ദേഹം കഥാപാത്രത്തെ അവിസ്മരണീയമാക്കി. വിനായകന്റെ ഗൗരവമേറിയതും നിയന്ത്രിതവുമായ അഭിനയം ചിത്രത്തിന് കൂടുതൽ മിഴിവേകി. നേരത്തെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സി'നും ഒടിടിയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിൽ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
കളങ്കാവലിനു ശേഷം ആരാധകർ കാത്തിരിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന സ്പൈ ത്രില്ലറിനായാണ്. മലയാള സിനിമയിലെ വമ്പൻ താരനിരയായ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിക്കുന്ന ചിത്രം ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു.