'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' പോസ്റ്റർ അറേഞ്ച്ഡ്
OTT News

300 കോടിയുടെ 'ലോക' ഇനി ഒടിടിയിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' ഒടുവില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നു. ഒക്ടോബര്‍ 31ന് ജിയോഹോട്ട്സ്റ്റാറില്‍ 'ലോക' റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വേഫെറര്‍ ഫിലിംസ് അവരുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റര്‍ സഹിതം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. 'ലോകയുടെ ലോകം ഒക്ടോബര്‍ 31 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചത്. ഒക്ടോബർ 23ന് നെറ്റ്ഫ്ളിക്സിൽ ചിത്രം എത്തും എന്നായിരുന്നു നേരത്തെയുള്ള വാർത്ത.

മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയുടെ അരങ്ങേറ്റ ചിത്രമാണ് 'ലോക'. കല്യാണി പ്രിയദർശൻ 'ചന്ദ്ര' എന്ന ശക്തയായ നായികയായാണ് എത്തുന്നത്. നാടോടിക്കഥകളും ഫാന്റസിയും ഇഴചേര്‍ന്നതാണ് 'ലോക'. ലോകമെമ്പാടുമായി 300 കോടി കളക്ഷനാണ് 'ലോക' നേടിയത്. മാത്രമല്ല, മലയാളത്തിൽ ഇന്നേവരെയുണ്ടായ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടുന്ന ചിത്രമായും 'ലോക' മാറി. നസ്ലെന്‍, സാന്‍ഡി, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, നിഷാന്ത് സാഗര്‍, രഘുനാഥ് പലേരി, വിജയരാഘവന്‍, നിത്യശ്രീ, ശരത് സഭ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ലോക'യുടെ വിജയത്തിനുശേഷം അണിയറക്കാര്‍ ലോക ചാപ്റ്റര്‍ 2-വും പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്കല്‍ എന്ന ചാത്തന്‍ ആയി ടൊവിനോ അഭിനയിക്കും. ചാര്‍ലി എന്ന ഒടിയന്‍ ആയി അഭിനയിക്കുന്ന ദുല്‍ഖറും രണ്ടാം ഭാഗത്തില്‍ എത്തും.