കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 17ന്റെ സ്വാതന്ത്ര്യദിന സ്പെഷൽ എപ്പിസോഡിന്റെ പ്രമോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
OTT News

കെബിസിയിൽ സ്വാതന്ത്ര്യദിനസ്പെഷൽ; ബച്ചനൊപ്പം ഓപ്പറേഷൻസിന്ദൂറിലെ അഭിമാനവനിതകൾ

പപ്പപ്പ ഡസ്‌ക്‌

കോന്‍ ബനേഗ ക്രോര്‍പതി (കെബിസി) സീസണ്‍ 17ന്റെ സ്വാതന്ത്ര്യദിന സ്പെഷൽ എപ്പിസോഡിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻസേനയുടെ മൂന്ന് അഭിമാനവനിതകൾ. ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, നാവികസേന കമാന്‍ഡര്‍ പ്രേരണ ദിയോസ്താലി എന്നിവരാണ് കെബിസി സ്‌പെഷ്യല്‍ എപ്പിസോഡില്‍ പങ്കെടുക്കുന്നത്

'പാകിസ്ഥാന്‍ വര്‍ഷങ്ങളായി ഭീകരാക്രമണം നടത്തുന്നു. മറുപടി നല്‍കേണ്ടത് പ്രധാനമാണ്, അതിനാലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തത്'- സോഫിയ ഖുറേഷി പറഞ്ഞു. പുലര്‍ച്ചെ മിനിറ്റിനുകള്‍ക്കുള്ളില്‍ പാകിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തുവന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് കൂട്ടിച്ചേര്‍ത്തു. ലക്ഷ്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്നും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടില്ലെന്നും കമാന്‍ഡര്‍ പ്രേരണ ദിയോസ്തലി പറഞ്ഞു.

സോണി ടിവി പുറത്തിറക്കിയ പ്രമോയില്‍ മൂവരെയും അവതാരകന്‍ അമിതാഭ് ബച്ചന്‍ ഷോയിലേക്ക് സ്വാഗതം ചെയ്യുന്നതു കാണാം. ഓഗസ്റ്റ് 15ന് രാത്രി ഒമ്പതിനാണ് സ്പെഷൽ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ഇത് സോണി എല്‍ഐവിയിലും സ്ട്രീം ചെയ്യും.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മേയ് ഏഴിനു രാവിലെ ഇന്ത്യന്‍ സായുധസേന പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണപരമ്പരയാണ് ഓപ്പറേഷന്‍ സിന്ദൂർ. അമിതാഭ് ബച്ചനും സദസും ഒരേ സ്വരത്തില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നതോടെയാണ് പ്രമോ അവസാനിക്കുന്നത്.