'കാന്താര'യിൽ ഋഷഭ് ഷെട്ടി,രുക്മിണി വസന്ത്  ഫോട്ടോ-അറേഞ്ച്ഡ്
OTT News

1000 കോടി ക്ലബില്‍ എത്തില്ല, കാന്താര ഒടിടിയിലേക്ക്

പപ്പപ്പ ഡസ്‌ക്‌

ഇന്ത്യന്‍ വെള്ളിത്തിരയിലെ മഹാവിസ്മയചിത്രമാണ് 'കാന്താര'. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്രകഥാപാത്രമായ 'കാന്താര' തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 800 കോടിയിലേറെ രൂപയുടെ കളക്ഷനാണ് ഇതുവരെ ചിത്രം നേടിയത്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഒരു മാസം തികയും മുമ്പാണ് 800 കോടി പിന്നിട്ട് 900 കോടിയിലേക്കടുക്കുന്നത്. 2025 ആദ്യം പുറത്തിറങ്ങിയ വിക്കി കൗശല്‍ ചിത്രം 'ഛാവയുടെ' കളക്ഷന്‍ റെക്കോര്‍ഡ് ആയ 807 കോടി മറികടക്കുകയും ചെയ്തു ഋഷഭ് ചിത്രം.

ഇപ്പോള്‍, 1000 കോടി എന്ന ചരിത്രനേട്ടത്തിലേക്കെത്തുംമുമ്പ് ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 31 ന് കാന്താര ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. തിയറ്റര്‍ റിലീസില്‍ ആയിരം കോടി സ്വന്തമാക്കിയില്ലെങ്കിലും കോടികള്‍ക്കാണ് ആമസോണ്‍ കാന്താര സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ കാന്താര ഒടിടിയില്‍ കാണാം. 'കാന്താര'യ്ക്കായി ഋഷഭ് നടത്തിയ സാഹസിക തയാറെടുപ്പുകള്‍ ഉള്‍പ്പെടുത്തിയ വീഡിയോ അണിയറക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിനുവേണ്ടി ഋഷഭ് നടത്തിയ മുന്നൊരുക്കങ്ങള്‍ ആരാധകരെ വിസ്മയിപ്പിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍തരംഗമാണ് ഇപ്പോള്‍. അതേസമയം, തിയറ്ററില്‍ 1000 കോടി സ്വന്തമാക്കുന്നതിന്‍മുമ്പ് ഒടിടി പ്രദര്‍ശനം ആരംഭിക്കുന്നതിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

'കാന്താര' ട്രെയിലറിൽ നിന്ന്

'കാന്താര' ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന ദിവസംതന്നെ, ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും അണിയറക്കാര്‍ പുറത്തിറക്കും. ഒരുപക്ഷേ, ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കാന്താര. ചിത്രത്തിന്റെ ഓവര്‍സീസ് റിലീസ് നിര്‍വഹിക്കുന്നത് ദുബായ് ആസ്ഥാനമായുള്ള ഫാര്‍സ് ഫിലിംസ് ആണ്.