ബൈക്കിന് പിന്നിലിരുന്ന് കേരളാഹൗസിലേക്ക് മമ്മൂട്ടി; ഒരു 'ന്യൂഡൽഹി' ഡയറിക്കുറിപ്പ്

മലയാള സിനിമയുടെ ഗതി മാറ്റിയ 'ന്യൂഡല്‍ഹിയുടെ' കഥ- ഡല്‍ഹിയിലെ മലയാളി പത്രപ്രവര്‍ത്തകന്റെ ഓര്‍മ
ബൈക്കിന് പിന്നിലിരുന്ന് കേരളാഹൗസിലേക്ക് മമ്മൂട്ടി;
ഒരു 'ന്യൂഡൽഹി' ഡയറിക്കുറിപ്പ്
Published on

1987 ജനുവരിയിലെ തണുപ്പുള്ള ഒരു ദിവസം. യുണൈറ്റഡ്‌ ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ) വാര്‍ത്താ ഏജന്‍സിയുടെ ന്യൂഡൽഹി റാഫി മാര്‍ഗിലെ ഓഫീസിലേക്ക് ഒരു സംഘം ആളുകള്‍ വലിയ ഷൂട്ടിങ് ക്യാമറയും മറ്റു ഉപകരണങ്ങളുമായി കടന്നു വരുന്നു. ഏകദേശം മുപ്പതോളം പേരടങ്ങുന്ന സംഘത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ മമ്മൂട്ടിയുമുണ്ട്. ഒരു സിനിമാ നടന്റെ യാതൊരു പരിവേഷവുമില്ലാത്ത ചെറുപ്പക്കാരനായി അദ്ദേഹം എല്ലാവരോടും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും വിശാലമായ പുല്‍ത്തകിടിയുള്ള ഓഫീസ് മുറ്റത്ത് നില്‍പ്പുറപ്പിച്ചിരുന്നു.

'ന്യൂഡല്‍ഹി' എന്ന മലയാളചിത്രം ഷൂട്ടു ചെയ്യാനാണ് സംഘം എത്തിയിരിക്കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. ന്യൂസ് ബ്യൂറോയില്‍ വാര്‍ത്തകളുടെ ശേഖരണത്തില്‍ വ്യാപൃതനായിരുന്ന ഞാന്‍ ബഹളം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴാണ് ഷൂട്ടിങ്ങിന്റെ പ്രാരംഭപ്രവർത്തനങ്ങളിൽ മുഴുകിയ മമ്മൂട്ടിയെയും സംഘത്തെയും കണ്ടത്.

ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ എതിരാളികളെ വക വരുത്തി വാര്‍ത്ത സൃഷ്ടിക്കുന്നതായിരുന്നു കഥാ തന്തു. ഡെന്നീസ് ജോസഫിന്റെ, തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായി മാറിയ 'ന്യൂഡല്‍ഹി'യുടെ ചിത്രീകരണം നടന്ന ഇടനാഴികളിലൂടെയുള്ള ഒരു ഓര്‍മ പുതുക്കലാണിത്.

'ന്യൂഡൽഹി'യിൽ മമ്മൂട്ടിയും സുമലതയും
'ന്യൂഡൽഹി'യിൽ മമ്മൂട്ടിയും സുമലതയുംസ്ക്രീൻ​ഗ്രാബ്

മമ്മൂട്ടിയിലെ നായകൻ ഇടയ്ക്കൊന്നുമങ്ങിപ്പോയ താരപദവി തിരികെപ്പിടിക്കുകയും പണ്ടത്തേക്കാൾ വലിയ താരമായി വളരുകയും ചെയ്ത ഈ സിനിമയിൽ ചെറിയ ഒരു റോള്‍ എനിക്കും കിട്ടി. ഡല്‍ഹിയിലെ മലയാളികളെ അവിടത്തെ മാധ്യമപ്രവര്‍ത്തനത്തോട് അടുപ്പിച്ച പ്രശസ്തമായ ചിത്രം എന്ന നിലയിലാണ് ഞാൻ 'ന്യൂഡൽഹി' യെ കാണുന്നത്.

ഈ സിനിമയിലെ പല രംഗങ്ങളും ചിത്രീകരിച്ചത് യു.എന്‍.ഐ യില്‍ വെച്ചായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ഓഫീസിലും കുറച്ച് ചിത്രീകരണം നടന്നു. ഡല്‍ഹിയിലെ അധികാര ഇടവഴികളെ ഇത്ര മനോഹരമായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അന്നു തലസ്ഥാനത്തുണ്ടായിരുന്ന പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. 'ന്യൂഡൽഹി'യിൽ ചീഫ് എഡിറ്ററായി അഭിനയിച്ചത് യു.എന്‍.ഐയുടെ ജനറല്‍ മാനേജരായിരുന്ന കെ.പി.കെ.കുട്ടിയായിരുന്നു. ജഡ്ജി അഗര്‍വാള്‍ ആയി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന ജോര്‍ജ് വർ​ഗീസ്. ബ്യൂറോ ചീഫായിരുന്ന എനിക്കും കുറച്ചു സമയത്തേക്ക് മുഖം കാട്ടാന്‍ അവസരം കിട്ടി എന്നു പറയാം.

'ന്യൂഡൽഹി'യിൽ മമ്മൂട്ടി
'ന്യൂഡൽഹി'യിൽ മമ്മൂട്ടിസ്ക്രീൻ​ഗ്രാബ്

'നവഭാരത് ടൈംസ്' എന്ന പത്രത്തിലെ ജി.കൃഷ്ണമൂര്‍ത്തി എന്ന റിപ്പോര്‍ട്ടര്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ' ഐ ആം ​ഗോഡ്... ഇവിടെ പലരുടേയും തലയില്‍ എഴുതുന്നതും മായ്ക്കുന്നതും ഈ ജി.കൃഷ്ണമൂര്‍ത്തി'- മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ഇന്നും പ്രേക്ഷകമനസ്സുകളിൽ പ്രതിധ്വനിക്കുന്നു. ഉര്‍വ്വശിയും സുമലതയും സുരേഷ് ഗോപിയുമായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍. സുരേഷ് ഗോപി ക്യാമറയുമായി ഓടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത് കോണാട്ട് പ്ലേസിലാണ്. അന്ന് ക്യാമറയുമായി ഡല്‍ഹി വീഥികളില്‍ ഓടി നടന്ന സുരേഷ് ഗോപി പിന്നീട് പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായെന്നത് മറ്റൊരു കൗതുകം.

സുമലതയും ഉള്‍വശിയും ഐസ്‌ക്രീം കഴിക്കുന്ന രംഗം ചിത്രീകരിച്ചത് പാര്‍ലമെന്റ്മന്ദിരത്തിന് തൊട്ടടുത്ത വിജയ് ചൗക്കിലാണ്. സാധാരണയായി ഒരു കിലോമീറ്റര്‍ അകലെ ഇന്ത്യാ ഗേറ്റിലാണ് ഐസ്‌ക്രീം കിട്ടുക.. അന്ന് സിനിമയിലഭിനയിച്ച സുമലതയും പിന്നീട് പാര്‍ലമെന്റംഗമായി.

ഭീകരവാദികളുടെ ഭീഷണി ഡല്‍ഹിയില്‍ ശക്തമാകുന്നതിനുമുമ്പേയായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്. സുരക്ഷാസന്നാഹങ്ങളും മറ്റും അന്ന് അത്രയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ വര്‍ഷം ജനുവരി 26 ന്റെ റിപ്പബ്ലിക്ക് ദിന പരേഡും ഈ സിനിമയിലെ ഒരു ഭാഗമായി.

'ന്യൂഡൽഹി'യിൽ സുരേഷ് ​ഗോപി
'ന്യൂഡൽഹി'യിൽ സുരേഷ് ​ഗോപിസ്ക്രീൻ ​ഗ്രാബ്

ഇനി എന്റെ ചില അനുഭവങ്ങള്‍ കൂടി പറയട്ടെ. ന്യൂസ് റൂമില്‍ വാര്‍ത്ത ശേഖരിക്കുന്ന തിരക്കില്‍ നിന്ന് ഞാന്‍ അല്പസമയം മോചിതനായി പുറത്തേക്ക് വന്ന് സംവിധായകന്‍ ജോഷിയുമായി സംസാരിച്ചു. മമ്മൂട്ടി എന്ന നടനെ ആദ്യമായിട്ടാണ് കാണുന്നത്. എങ്കിലും ആ സ്ഥാപനത്തിലെ റിപ്പോര്‍ട്ടറാണ് എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അന്നൊന്നും അഭിനേതാക്കള്‍ക്ക് വിശ്രമിക്കാൻ കാരവൻ പോലുള്ളവയുണ്ടായിരുന്നില്ല. തികച്ചും പരിമിതമായ സൗകര്യങ്ങള്‍മാത്രം. എന്റെ ഓഫീസാണെങ്കില്‍ ഒരു കോര്‍പ്പറേറ്റ് ഓഫീസിന്റെ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ കെട്ടിടം.

ഏകദേശം നാലു മണിയോടെയാണ് സിനിമാ സംഘം ഓഫീസിലെത്തിയത്. എഡിറ്റോറിയൽ, ട്രാന്‍സ്മിഷന്‍, അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തന രഹിതമായി. സുമുഖനായ മമ്മൂട്ടി, സുന്ദരികളായ രണ്ടുനടികള്‍, പിന്നെ സുരേഷ്‌ഗോപി. ഇവരെയൊക്കെ നേരിട്ട് കണ്ട് അവരുടെ അടുത്തുവന്നുനില്‍ക്കാന്‍ ഞങ്ങള്‍ കുറച്ചു മലയാളി സ്റ്റാഫിനോടൊപ്പം ഹിന്ദിക്കാരായ മറ്റെല്ലാവരും കൂടി. ടെക്‌നീഷന്‍മാര്‍ ചീഫ്എഡിറ്ററുടെ മുറിയില്‍ ലൈറ്റും ക്യാമറയും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. അതിനിടെ പുല്‍ത്തകിടിയുടെ ഒരു മൂലയില്‍ ഇരുന്നിരുന്ന മമ്മൂട്ടിയ്ക്ക് മേക്കപ്പ്മാന്‍ ചായമിടുന്നു.

ചീഫ്എഡിറ്റര്‍ കെ.പി.കെ കുട്ടി കോട്ടും ടൈയുമായി തന്റെ കസേരയില്‍ ഇരിക്കുന്നു. സംവിധായകന്‍ ജോഷി കുട്ടി സാറിനും മമ്മൂട്ടിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. ഞാനടക്കം കുറച്ചുപേര്‍ ചീഫ് എഡിറ്ററുടെ മുറിയില്‍ നില്‍ക്കുന്നു. ആക്ഷൻ പറഞ്ഞതോടെ മമ്മൂട്ടി വളരെ ദേഷ്യഭാവത്തില്‍ എഡിറ്ററുടെ മുറിയിലേക്ക് ഒരു കടലാസുമായികടന്നു വരുന്നു. കയ്യിലിരുന്ന കടലാസ് എഡിറ്റര്‍ക്ക് നീട്ടി അതിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്ന് പറയുന്നു. വാര്‍ത്ത വായിച്ച ശേഷം എഡിറ്റര്‍ പറയുന്നു, അത് പ്രസിദ്ധീകരിക്കാന്‍ സാധ്യമല്ലെന്ന്. തുടര്‍ന്ന് മമ്മൂട്ടിയും എഡിറ്ററുമായി അല്പനേരം വാഗ്വാദം നടക്കുന്നു. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് മനസിലാവാതെ ഞാന്‍ അദ്ഭുതത്തോടെ രണ്ടുപേരുടേയും മുഖത്തേക്ക് നോക്കിനില്ക്കുന്നു. ഈ വാര്‍ത്ത എന്തെന്നറിയാനുള്ള വ്യഗ്രത മറ്റൊരു റിപ്പോര്‍ട്ടറുമായി പങ്കിടുമ്പോള്‍ മമ്മൂട്ടി മുറിയില്‍ നിന്നു ദേഷ്യത്തോടെ പുറത്തേക്ക് പോകുന്നു. അതിനിടെ എന്റെ അടുത്തുനിന്നു ചോദിക്കുന്നു, എന്താണ് വാര്‍ത്ത കൊടുത്താല്‍ പ്രശ്‌നമെന്ന്. മറുപടിക്കു കാത്തുനില്‍ക്കാതെ അദ്ദേഹം പുറത്തേക്കു നടന്നു.

കുറിപ്പിൽ പരാമർശിക്കുന്ന 'ന്യൂഡൽഹി'യിലെ രം​ഗങ്ങൾ. രണ്ടാമത്തെ ചിത്രത്തിൽ കോട്ടിനുള്ളിൽ വെള്ള ഷർട്ട് ധരിച്ചയാളാണ് ലേഖകൻ
കുറിപ്പിൽ പരാമർശിക്കുന്ന 'ന്യൂഡൽഹി'യിലെ രം​ഗങ്ങൾ. രണ്ടാമത്തെ ചിത്രത്തിൽ കോട്ടിനുള്ളിൽ വെള്ള ഷർട്ട് ധരിച്ചയാളാണ് ലേഖകൻസ്ക്രീൻ ​ഗ്രാബ് കടപ്പാട് മാറ്റിനി നൗ

ഈ രം​ഗം ഷൂട്ടു ചെയ്യാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുത്തു. കടുത്ത വെളിച്ചത്തില്‍ ഞാന്‍ ചെറിയ ഒരു രംഗത്തിന് സാക്ഷിയായി. അങ്ങനെ ഞാനാദ്യമായി ഒരു സിനിമയില്‍ മുഖം കാണിച്ചു. അതും മഹാനായ മമ്മൂട്ടിയോടൊപ്പം.

പിന്നെ സുരേഷ് ഗോപിയോടൊപ്പം അല്പനേരം. ഫോട്ടോഗ്രാഫറായി വേഷമിടുന്ന അദ്ദേഹത്തെ വാര്‍ത്തകള്‍ കൊടുക്കുന്ന ട്രാന്‍സ്മിഷന്‍ മുറിയിലേക്ക് കൊണ്ടുപോകുന്നതും ടെലിപ്രിന്ററില്‍ വരുന്ന വാര്‍ത്ത കാട്ടികൊടുക്കുന്നതും എന്റെ ചുമതലയായിരുന്നു.

ചിത്രീകരണം കഴിഞ്ഞശേഷം പുറത്ത് ഓഫീസിന്റെ പുല്‍ത്തകിടിയില്‍ ഇരിക്കുമ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു, എത്ര ദൂരമാണ് കേരള ഹൗസിലേക്കുള്ളത് എന്ന്. വളരെ അടുത്താണെന്നു ഞാന്‍ മറുപടി നല്‍കി. സംവിധായകന്‍ ജോഷിയും മറ്റുള്ളവരും അന്നത്തെ ഷൂട്ടിങ്ങിനെക്കുറിച്ച് ടെക്‌നിഷ്യന്‍മാരുമായി സംസാരിക്കുകയാണ്. മമ്മൂട്ടി താമസസ്ഥലമായ കേരള ഹൗസിലേക്ക് മടങ്ങാനുള്ള ധൃതിയിലാണ്. അന്നൊക്കെ ഇന്നത്തെപ്പോലെ ധാരാളം കാറുകളോ ഒന്നും സിനിമാ സംഘത്തിനുണ്ടായിരുന്നില്ല. എല്ലാവരും കൂടെ ഒരു ചെറിയ ട്രാവലറിലാണ് യാത്ര.

'ന്യൂഡൽഹി'യുടെ ക്ലൈമാക്സ് സീനിൽ മമ്മൂട്ടിയും സുമലതയും
'ന്യൂഡൽഹി'യുടെ ക്ലൈമാക്സ് സീനിൽ മമ്മൂട്ടിയും സുമലതയുംസ്ക്രീൻ​ഗ്രാബ്

'എന്റെ സീൻ കഴിഞ്ഞു.ഇനി ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ലല്ലോ. കേരള ഹൗസിലേക്കു പോയാലോ?' എന്നു മമ്മൂട്ടി എന്നോടു ചോദിച്ചു. എനിക്കാണെങ്കില്‍ ഞാന്‍ വാങ്ങിയ ഒരു പുതിയ ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ മാത്രമേയുള്ളൂ. കാര്‍ സ്വന്തമായുള്ള ആരും അവിടെ ഇല്ലതാനും. 'എന്റെ കയ്യില്‍ ഈ മോട്ടോര്‍ സൈക്കിള്‍ മാത്രമേയുള്ളൂ' എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, എന്റെ ചുമലില്‍ തട്ടി 'താന്‍ അതെടുക്കൂ. ഞാന്‍ പിന്നിലിരിക്കാം' എന്ന് പറഞ്ഞു. എനിക്കാകെ ഒരു ജാള്യത തോന്നി.

ഒരു മഹാനടനെ എന്റെ മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ ഇരുത്തി ഡല്‍ഹിയുടെ റോഡുകളിലൂടെ എങ്ങനെ കൊണ്ടുപോകും എന്നാലോചിച്ചപ്പോള്‍ മന:പ്രയാസം തോന്നി. ആലോചിച്ചു നില്‍ക്കുമ്പോഴേക്കും മമ്മൂട്ടി വന്നു മോട്ടോര്‍ സൈക്കിളില്‍ എന്റെ പിറകിലേക്ക് കയറി. അങ്ങനെ മലയാളത്തിന്റെ പ്രിയ നടനേയും വഹിച്ച് ഡല്‍ഹി വീഥികളിലൂടെ എന്റെ ബൈക്കോടി. കേരള ഹൗസിലെത്തിയപ്പോൾ ഒരു വലിയ നന്ദി പറഞ്ഞ് അദ്ദേഹം തന്റെ മുറിയിലേക്കുപോയി.

ഈ സംഭവം ഞാന്‍ ആരോട് പറയുമ്പോഴും അദ്ഭുതത്തോടെയാണ് അവര്‍ കേള്‍ക്കുന്നത്. അതെ, ഞാന്‍ കുറച്ചു നേരത്തേക്ക് മമ്മൂട്ടിയെന്ന മഹാപ്രതിഭയുടെ സാരഥിയാകുകയായിരുന്നു. അതും ഒരു ബൈക്കിന്റെ..!!

Related Stories

No stories found.
Pappappa
pappappa.com