തിയേറ്ററുകളിൽ ആക്ഷൻ വിരുന്നൊരുക്കിയ ആന്‍റണി വർഗീസ് പെപ്പെ ചിത്രം 'കാട്ടാളൻ' ഡിജിറ്റൽ ലോകത്തേക്ക് ചുവടുവെക്കുന്നു. മേയ് 28-ന് തിയേറ്ററുകളിലെത്തി പ്രേക്ഷകശ്രദ്ധ നേടിയ ആക്ഷൻ ത്രില്ലർ പ്രമുഖ മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിലാണ് സ്ട്രീം ചെയ്യുന്നത്. ആആഗസ്റ്റ് 13 മുതൽ കാട്ടാളനെ സ്വീകരണമുറിയിലിരുന്നു കാണാം.
മൈക്കിൾ, മാർക്കോ എന്നീ വൻകിട ആക്ഷൻ ചിത്രങ്ങൾക്കുശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മൈക്കിൾ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ പുതിയ അധ്യായമാണ് ചിത്രം. പോൾ ജോർജ് സംവിധാനം ചെയ്ത 'കാട്ടാളൻ', ഫ്രാഞ്ചൈസിയുടെ മുന്നോട്ടുള്ള യാത്രയിൽ ഏറെ നിർണായകമായ കണ്ണിയായാണ് വിലയിരുത്തപ്പെടുന്നത്.
കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ ആനക്കൊല്ലിയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ ഗ്രാമവാസികളുടെ രക്ഷകനായി എത്തുന്ന മാരി എന്ന വേട്ടക്കാരൻ, പിന്നീട് ആ പ്രദേശത്തെ കൈപ്പിടിയിലൊതുക്കി വലിയൊരു ആനക്കൊമ്പ് കച്ചവട സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം മാരിയുടെ അധോലോക സാമ്രാജ്യത്തിലേക്ക് എതിരാളിയായ എഡി എന്ന ക്രിമിനൽ ബോസ് കടന്നുവരുന്നതോടെ ഗ്രാമം ചോര ചിന്തുന്ന വലിയൊരു ഗാങ്‌വാറിന് വേദിയാകുന്നു.
ഈ പോരാട്ടത്തിൽ മാരിയെ സഹായിക്കാനായി ജോർജ് ഡി. പീറ്റർ അയക്കുന്ന 'കാട്ടാളൻ' എന്നറിയപ്പെടുന്ന ആന്‍റണി എന്ന ഭയരഹിതനായ പോരാളിയുടെ വരവോടെയാണ് സിനിമയുടെ ഗതി മാറുന്നത്. ആന്‍റണി വർഗീസിനൊപ്പം നടൻ സുനിൽ, ജഗദീഷ്, ദുഷാര വിജയൻ, കബീർ ദുഹാൻ സിങ്, പാർഥ് തിവാരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.