'ഗാട്ടാ ഗുസ്തി 2'പോസ്റ്റർ അറേഞ്ച്ഡ്
OTT News

ഗുസ്തിക്കളത്തില്‍നിന്ന് ഒടിടിയിലേക്ക് 'ഗാട്ട ഗുസ്തി 2'

പപ്പപ്പ ഡസ്‌ക്‌

തിയേറ്ററുകളില്‍ ചിരിയുടെയും വൈകാരിക മുഹൂര്‍ത്തങ്ങളുടെയും പെരുമഴ സൃഷ്ടിച്ച വീരനും കീര്‍ത്തിയും ഒടുവില്‍ ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് എത്തുന്നു. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത 'ഗാട്ട ഗുസ്തി 2' ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്സിലൂടെ ജൂലായ് 31 ന് സ്ട്രീമിങ് ആരംഭിക്കും.

2022-ല്‍ പുറത്തിറങ്ങി വന്‍ വിജയമായി മാറിയ 'ഗാട്ട ഗുസ്തി'യുടെ ഒന്നാം ഭാഗത്തേക്കാള്‍ വലിയ സ്വീകരണമാണ് രണ്ടാം ഭാഗത്തിനു തിയേറ്ററുകളില്‍ ലഭിച്ചത്. ജൂലായ് മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം വെറും മൂന്ന് ആഴ്ച കൊണ്ട് ആഗോളതലത്തില്‍ 55 കോടി രൂപയിലധികം കളക്ഷന്‍ വാരിക്കൂട്ടി. വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ആദ്യ 50 കോടി ചിത്രമെന്ന നാഴികക്കല്ലും സ്‌പോര്‍ട്‌സ്-കോമഡി എന്റര്‍ടെയ്‌നര്‍ സ്വന്തമാക്കി. 'ഇത്തരം സിനിമകള്‍ ഇന്ന് അപൂര്‍വമാണ്' എന്ന് സൂപ്പര്‍ താരം രജനികാന്ത് പോലും ചിത്രത്തെ പ്രശംസിക്കുകയുണ്ടായി.

'ഗാട്ടാ ഗുസ്തി 2'പോസ്റ്റർ

ഗുസ്തി ഗോദയില്‍ തിളങ്ങുന്ന കീര്‍ത്തിയുടെ (ഐശ്വര്യ ലക്ഷ്മി) കായിക സ്വപ്നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി വീട്ടുകാര്യങ്ങള്‍ നോക്കിനടത്തുന്ന വീരയിലാണ് (വിഷ്ണു വിശാല്‍) ചിത്രത്തിന്റെ തുടക്കം. എന്നാല്‍, മകള്‍ മതി മലരിന്റെ വളര്‍ച്ചയും വളര്‍ത്തുദോഷങ്ങളെക്കുറിച്ചുള്ള വ്യാകുലതകളും ഇവരുടെ ദാമ്പത്യത്തിലേക്ക് എത്തുന്നതോടെ കഥ മാറുന്നു.

വിഷ്ണു വിശാല്‍ സ്റ്റുഡിയോസും വേല്‍സ് ഫിലിം ഇന്റര്‍നാഷണലും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ രണ്ടാം ഭാഗം ആഘോഷമാക്കാനായി വന്‍ താരനിരയാണ് അണിനിരന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെക്കൂടാതെ, രമ്യ കൃഷ്ണന്‍, യോഗി ബാബു, കാളി വെങ്കട്, കരുണാസ്, മുനീഷ്‌കാന്ത്, ലിസി ആന്റണി, ഗജരാജ്, ശ്രീജ രവി, ബാലതാരം സാറ സിയാന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

കുടുംബന്ധങ്ങളുടെ മൂല്യവും സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്കു നല്‍കേണ്ട പ്രാധാന്യവും തമാശയില്‍ ചാലിച്ച് അവതരിപ്പിച്ച 'ഗാട്ട ഗുസ്തി 2', തിയേറ്ററുകളില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഇനി വീടുകളിലിരുന്ന് ആസ്വദിക്കാം.