മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ "ദൃശ്യം 3' ഒടിടി റിലീസിന് ഒരുങ്ങുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ തിയേറ്ററുകളിൽ വൻ തരംഗമായി മാറിയ ചിത്രം, ജൂൺ 18 ന് ആമസോൺ പ്രൈംവീഡിയോയിലൂടെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററുകളിൽ 250 കോടി എന്ന നാഴികക്കല്ല് പിന്നിടും മുമ്പേയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പ്രൈം വീഡിയോ ഫേസ്ബുക്ക് പോസ്റ്റ് വഴി സ്ട്രീമിങ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം തിയേറ്ററുകളിൽ നേടിയ അതേ വലിയ വിജയം ഒടിടിയിലും ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ ലോകം. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ഇക്കുറിയും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.
ഇന്ത്യ കടന്ന് ചൈനീസ്, കൊറിയൻ ഉൾപ്പെടെയുള്ള വിദേശ ഭാഷകളിലേക്ക് വരെ റീമേക്ക് ചെയ്യപ്പെട്ട് ലോക ശ്രദ്ധ നേടിയ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഇനി ഒടിടി പ്രേക്ഷകരെയും ഒരേപോലെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുമെന്നതിൽ സംശയമില്ല.