ചിരഞ്ജീവി ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
OTT News

നെറ്റ്ഫ്ലിക്സിലൂടെ ഒടിടി അരങ്ങേറ്റത്തിന് ചിരഞ്ജീവി; വരുന്നത് അന്താരാഷ്ട്ര ടോക്ക് ഷോ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഒടിടി അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിരഞ്ജീവി ഒടിടിയിലെത്തുന്നത്. അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിട്ട് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആദ്യ സെലിബ്രിറ്റി ടോക്ക് ഷോയിൽ ചിരഞ്ജീവി അവതാരകനായെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ചിരഞ്ജീവിയുടെ വിജയകരമായ നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ പുതിയൊരു അധ്യായം കൂടി തുറക്കുന്നതാണ് ഈ പരിപാടി. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് താരത്തിന്റെ സാന്നിധ്യം എത്തിക്കാൻ ആഗോള പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സാധിക്കും. പോഡ്കാസ്റ്റ് മാതൃകയിലായിരിക്കും പരിപാടി ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

ഏതാനും വർഷങ്ങൾക്ക് മുൻപ് ‘മീലോ എവരു കോടീശ്വരുഡു’ എന്ന പരിപാടിയുടെ അവതാരകനായും ചിരഞ്ജീവി എത്തിയിരുന്നു. എന്നാൽ ഒരു സീസണിന് ശേഷം പരിപാടി അവസാനിക്കുകയായിരുന്നു.

പുതിയ ടോക്ക് ഷോയെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചിരഞ്ജീവി സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെ അഭിമുഖം ചെയ്യുന്നതായിരിക്കുമോ പരിപാടിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതോ ചിരഞ്ജീവിയുടെ ജീവിതവും സിനിമാ യാത്രയും കേന്ദ്രീകരിച്ചായിരിക്കുമോ ഷോ ഒരുക്കുകയെന്നും വ്യക്തമല്ല.

ചിരഞ്ജീവി

നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതമുള്ള ചിരഞ്ജീവിക്ക് പങ്കുവയ്ക്കാൻ നിരവധി അനുഭവങ്ങളുണ്ട്. സിനിമയിലെ ആദ്യകാലം, നേരിട്ട പ്രതിസന്ധികൾ, വളർച്ച തുടങ്ങിയവയെക്കുറിച്ചുള്ള താരത്തിന്റെ ഓർമകളും അനുഭവങ്ങളും പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്നതായിരിക്കും. അതേസമയം, മറ്റ് പ്രമുഖ താരങ്ങളുമായി ചിരഞ്ജീവി അഭിമുഖം നടത്തുന്നതും ഏറെ ശ്രദ്ധേയമായേക്കും.

ഇന്ത്യൻ സിനിമയിലെ വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങളായിരിക്കുമോ പരിപാടിയിലെ അതിഥികൾ, അതോ അന്താരാഷ്ട്ര വിനോദമേഖലയിൽ നിന്നുള്ള പ്രമുഖരും എത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. നെറ്റ്ഫ്ലിക്സ് പോലെ ആ​ഗോളപ്ലാറ്റ്ഫോമിലൂടെയായതിനാൽ പ്രാദേശിക ടോക്ക് ഷോയേക്കാൾ വലിയ പ്രേക്ഷകശ്രദ്ധ ചിരഞ്ജീവിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ചിരഞ്ജീവി

ചിരഞ്ജീവിയുടെ മകൾ സുസ്മിത കൊനിഡേലയാണ് പരിപാടിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. ആശയപരമായി ഏറെ കൗതുകമുണർത്തുന്ന പദ്ധതിയാണെങ്കിലും ഷോയുടെ കൃത്യമായ ഫോർമാറ്റ്, എപ്പിസോഡുകളുടെ എണ്ണം, അതിഥികൾ, റിലീസ് തീയതി തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.