ദക്ഷിണേന്ത്യൻ മിനിസ്ക്രീൻ ചരിത്രത്തിൽ ഇതുവരെ കാണാത്ത വൻ താരസംഗമത്തിനാണ് ഒടിടിയും ടെലിവിഷൻ ലോകവും സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, തെലുങ്കിന്റെ ഗ്ലാമർ കിങ് അക്കിനേനി നാഗാർജുന, തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, കന്നഡയുടെ മാസ് സ്റ്റാർ കിച്ച സുദീപ് എന്നീ നാല് സൂപ്പർ നായകന്മാർ 'ബിഗ് ബോസി'നായി ഒരേ സ്ക്രീനിൽ കൈകോർക്കുന്ന കാഴ്ച ആരാധകർക്ക് ഒരു പതിറ്റാണ്ടിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ദൃശ്യവിരുന്നാവുകയാണ്.
കളിയും ചിരിയും തനത് റീജിയണൽ തമാശകളും നിറഞ്ഞ, ഒരു മിനിറ്റും 33 സെക്കന്റും ദൈർഘ്യമുള്ള ഒരു പ്രത്യേക പ്രൊമോ വീഡിയോയിലൂടെയാണ് അപൂർവ സംഗമം പുറത്തുവന്നത്.
ദക്ഷിണേന്ത്യയിലെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരങ്ങളെയും പ്രാദേശിക ശൈലികളെയും മുൻനിർത്തി അവതാരകർ നടത്തുന്ന രസകരമായ സംഭാഷണങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
നാല് വ്യത്യസ്ത ഇൻഡസ്ട്രികളിലെ ജനപ്രിയ താരങ്ങൾ ബിഗ് ബോസ് എന്ന ഒരൊറ്റ കുടക്കീഴിൽ ഒന്നിക്കുമ്പോൾ അത് കേവലം ഒരു റിയാലിറ്റി ഷോയുടെ പരസ്യം എന്നതിലുപരി ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്തിന്റെ സൗഹൃദത്തിന്റെ വിളംബരം കൂടിയായി മാറുന്നു.
ചരിത്രത്തിലാദ്യമായി നാല് വ്യത്യസ്ത ഭാഷകളിലെ ബിഗ് ബോസ് സീസണുകളും ഒരേ ദിനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ 8, തെലുങ്ക് സീസൺ 10, തമിഴ് സീസൺ 10, കന്നഡ സീസൺ 13 എന്നിവയുടെ മഹാരംഗപ്രവേശം സെപ്റ്റംബർ ആറിനാണ് നിശ്ചയിച്ചിരിക്കുന്നത്.
ടെലിവിഷൻ ചാനലുകൾക്ക് പുറമെ ജിയോ ഹോട്ട്സ്റ്റാറിലൂടെ തത്സമയം ഈ താരമാമാങ്കം ആസ്വദിക്കാൻ ഒടിടി പ്രേക്ഷകർക്ക് അവസരമൊരുങ്ങുന്നു. വാരാന്ത്യം മുതൽ മിനിസ്ക്രീനിൽ ആവേശത്തിന്റെ പുതിയൊരു അധ്യായം കുറിക്കും എന്നതിൽ സംശയമില്ല.