'ബാലൻ' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

അദ്ഭുത 'ബാലൻ' ഇനി ഒടിടിയിൽ,ചിദംബരത്തിന്റെ മാജിക് എവിടെ കാണാം?

പപ്പപ്പ റിപ്പോര്‍ട്ടര്‍

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍: ദ് ബോയ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷമാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. ജൂലായ് 31 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ല്‍ സ്ട്രീമിങ് ആരംഭിക്കും.

ജൂണ്‍ 19-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍നിന്ന് ഏകദേശം 33 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 2026-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ 'മാര്‍ഷെ ദു ഫിലിം' സെക്ഷനിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

കാണാതായ അമ്മയെ കണ്ടെത്താനായി ഒരു കൗമാരക്കാരന്‍ നടത്തുന്ന യാത്രയും, അതിലൂടെ അവന് സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ തിരിച്ചറിയേണ്ടി വരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാധാരണ സിനിമകളില്‍ കാണുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തയായ, നിഗൂഢതകള്‍ നിറഞ്ഞ ഒരു അമ്മയുടെ കഥാപാത്രമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

'ബാലൻ' ട്രെയിലറിൽ നിന്ന്

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ആദിശേഷന്‍ കെ.ആര്‍, ഫര്‍സാന പാലിത്തിങ്ങല്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ടൊവിനോ തോമസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.