ഹൊറര്‍-കോമഡി വെബ് സീരീസായ 'അലി ബാബ ഔര്‍ 40 ഭൂത്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആഷാ നേഗിയും വിശാല്‍ വസിഷ്ടയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ പരമ്പര സെപ്റ്റംബര്‍ 11 ന് ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. റിലീസ് തിയതിക്കൊപ്പം സീരീസിന്റെ ആദ്യ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ശാന്തമായ ഒരു ഗ്രാമത്തില്‍ നടക്കുന്ന അമാനുഷിക സംഭവങ്ങളും അത് തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന രണ്ടുപേരുടെ കഥയുമാണ് സീരീസ് പറയുന്നത്. വിശാല്‍ വസിഷ്ട തമാശക്കാരനായ പോലീസുകാരനായി എത്തുമ്പോള്‍, ആഷാ നേഗി അദ്ദേഹത്തിന്റെ സഹായിയായി വേഷമിടുന്നു. ഗ്രാമത്തിലെ ആടുകളെ മാത്രം ലക്ഷ്യമിടുന്ന പ്രേതത്തിന് പിന്നിലെ രഹസ്യം തേടിയുള്ള ഇവരുടെ യാത്രയാണ് രസകരമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്.
ദേജാവു ആര്‍ട്‌സിന്റെ ബാനറില്‍ പ്രിയാലി സക്‌സേനയും ഭുവനേശ് ശ്രീവാസ്തവയും ചേര്‍ന്നാണ് സീരീസ് നിര്‍മിക്കുന്നത്. രമണ്‍ദീപ് യാദവ് ക്രിയേറ്ററായ സീരീസില്‍ മൃദുല്‍ ദാസ്, അഭയ് മഹാജന്‍, ജോയ് സെന്‍ഗുപ്ത തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.