തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകിയുടെ വിയോഗവാര്‍ത്തയ്ക്ക് പിന്നാലെ, അവരുടെ വിഖ്യാതമായ സംഗീത ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു തീരുമാനം വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് പദ്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചപ്പോള്‍, അത് സ്വീകരിക്കാന്‍ ജാനകിയമ്മ വിസമ്മതിച്ചിരുന്നു. പുരസ്‌കാരം നല്‍കാന്‍ രാജ്യം വളരെ വൈകിപ്പോയി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് 75 വയസുണ്ടായിരുന്ന ജാനകി ഈ ബഹുമതി നിരസിച്ചത്.
ഇതിഹാസ ഗായികയുടെ വേര്‍പാട് സംഗീത ലോകത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ സംഗീതജീവിതത്തില്‍ ഇരുപതിലധികം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങളാണ് അവര്‍ ആലപിച്ചത്. 2016-ല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തുനിന്നു വിരമിച്ചെങ്കിലും, തലമുറകളെ സ്വാധീനിച്ച അവരുടെ ഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.
അന്ന് പദ്മഭൂഷണ്‍ പ്രഖ്യാപിച്ച വേളയില്‍ ജാനകി അമ്മ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:'ഞാന്‍ പദ്മ പുരസ്‌കാരം നിരസിക്കുകയാണ്. കഴിഞ്ഞ 55 വര്‍ഷമായി ഞാന്‍ പാടുന്നു. വിവിധ ഭാഷകളിലുള്ള എന്റെ ആരാധകരുടെ അംഗീകാരത്തെയാണ് ഞാന്‍ ഏറ്റവും വലിയ പുരസ്‌കാരമായി കണക്കാക്കുന്നത്. എനിക്ക് സര്‍ക്കാരിനോട് യാതൊരു വിരോധവുമില്ല. സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഈ ബഹുമതി എന്നെ തേടിയെത്താന്‍ ഏറെ വൈകിപ്പോയി...' തന്നേക്കാൾ ഈ പുരസ്കാരത്തിന് അർഹരായവരും എന്നാൽ അത് കിട്ടാതെപോയവരുമായ പ്രതിഭകളെയും ആ വേളയിൽ അവർ ഓർത്തു.
ഔദ്യോഗിക ബഹുമതികളേക്കാള്‍ തനിക്ക് പ്രധാനം ശ്രോതാക്കളുടെ സ്‌നേഹമാണെന്ന് അവര്‍ എപ്പോഴും വിശ്വസിച്ചിരുന്നു. മലയാളികളടക്കമുള്ള വിവിധ ഭാഷാ ജനവിഭാഗങ്ങള്‍ തന്റെ ഗാനങ്ങളെ നെഞ്ചിലേറ്റിയതിനെക്കുറിച്ച് അന്ന് അവര്‍ പ്രത്യേകം അനുസ്മരിച്ചിരുന്നു:
'ഞാന്‍ പല ഭാഷകളില്‍ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അവരെല്ലാവരും എന്നെ പ്രശംസിച്ചു. മലയാളികള്‍ പോലും പലപ്പോഴും പറയാറുണ്ട് എന്റെ ഉച്ചാരണം തികച്ചും കൃത്യമാണെന്ന്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഈ വലിയ അംഗീകാരത്തിനപ്പുറം എനിക്ക് മറ്റെന്താണ് വേണ്ടത്..?'
അന്ന് ഈ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് ജാനകിയുടെ മകന്‍ മുരളി കൃഷ്ണയും രംഗത്തെത്തിയിരുന്നു. തന്റെ അമ്മയുടെ അതുല്യമായ കരിയറില്‍ ഈ അംഗീകാരം വളരെ വൈകിയാണ് വന്നതെന്നും, പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുമ്പ് കുടുംബത്തെ ഔദ്യോഗികമായി ആരും വിവരമറിയിച്ചിരുന്നില്ലെന്നും മറ്റുള്ളവരില്‍ നിന്നാണ് തങ്ങള്‍ ഇതറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ദേശീയ പുരസ്‌കാരവും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ജാനകി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാനായതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഉറച്ചുവിശ്വസിച്ചു. അവരുടെ വിയോഗവേളയില്‍, ജാനകി അമ്മയുടെ ആ ഉറച്ച നിലപാടും വിനയവും നിറഞ്ഞ വാക്കുകള്‍ക്ക് മാറ്റുകൂടുകയാണ്. ചലച്ചിത്ര-സംഗീത ലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ അനുശോചന സന്ദേശങ്ങളില്‍ അവരുടെ അദ്വിതീയമായ ശബ്ദത്തെ മാത്രമല്ല, ആ ഉറച്ചനിലപാടിനെയും ആദരവോടെ സ്മരിക്കുന്നു.