Notes

രണ്ട് അക്കമാരും ഒരു യേശുദാസും

ഗാനഗന്ധർവ്വന്റെ എൺപത്താറാം ജന്മദിനത്തിൽ ഒരു പഴയ ഓർമ

പ്രൊഫ. മധു വാസുദേവൻ

മുറിയിൽ അവിശ്രമം പ്രവർത്തിക്കുന്ന പുരാതനമായ നാഷണൽ പാനസോണിക്കിൽ നോട്ടം പതിക്കുമ്പോഴെല്ലാം തോന്നിയിട്ടുണ്ട്, അതൊരു വെറും യന്ത്രമല്ല, സുഗന്ധഭരിതമായ ഓർമകളുടെ സൂക്ഷിപ്പുകാരനാണ്. അതിനുള്ളിൽ കറങ്ങുന്ന കാസറ്റുകൾ എന്നെ എന്നോ കടന്നുപോയ വസന്തത്തിലേക്കു തിരികെ കൊണ്ടുപോകുന്നു. കുരുങ്ങിയ റിബണുകൾ കുറ്റിപ്പെൻസിൽകൊണ്ട് കറക്കിക്കറക്കി ശരിപ്പെടുത്തിയപ്പോൾ ലഭിച്ചിരുന്ന സന്തോഷം ഇപ്പോഴും എന്നിൽ ബാക്കിനിൽക്കുന്നുണ്ട്. ഞാൻ ഓർക്കുന്നു, അന്നു കേട്ട പാട്ടുകളിലേറെയും ദാസേട്ടൻ പാടിയതായിരുന്നു. സാഹിത്യഭാരമുള്ള സിനിമാപ്പാട്ടുകളെക്കാൾ 'തരംഗിണി' പുറത്തിറക്കിയ ലളിതഗാനങ്ങൾ അദ്ദേഹവുമായി എന്നെ കൂടുതൽ അടുപ്പിച്ചു. ദാസേട്ടൻ സ്വന്തപ്പെട്ട ആരോ ആണെന്ന വിചാരം ഓരോ പുതിയ പാട്ടു കേൾക്കുമ്പോഴും ബലപ്പെട്ടുവന്നു. പാടാൻ ഒട്ടും അറിയില്ലെങ്കിലും കൂട്ടുകാർ പിരികേറ്റിയപ്പോൾ 'കണ്ണനെ കണികാണാ'നും 'നാലുമണിപ്പൂവേ'യും കലാമത്സരങ്ങളിൽ പാടിയ ഞാൻ തലങ്ങും വിലങ്ങും അടാറ് കൂവു വാങ്ങിച്ചു. ഓഡിയോ കാസറ്റുകളുടെ കാന്തിക നാടകളിൽ മറഞ്ഞിരുന്ന ഗന്ധർവനാദം, ഹാംലിനിലെ തെരുവുകളെ കീഴടക്കിയ പൈഡ് പൈപ്പറെപ്പോലെ എന്നെ വശീകരിച്ചിരുന്നു.

അന്നാളുകൾ 'തരംഗിണി'യുടെ ലളിതഗാന കാസറ്റുകൾ മലയാളിയുടെ ആസ്വാദന ശീലങ്ങളെ മാറ്റിമറിച്ചുതുടങ്ങിയ കാലമായിരുന്നു. കരച്ചിലിലും പുഞ്ചിരിയിലും ജീവിതത്തിന്റെ ഏതു ഭാവത്തിലും ദാസേട്ടൻ കൂടെയുണ്ടെന്ന തോന്നൽ നൽകുവാൻ അതിലെ പാട്ടുകൾക്കു സാധിച്ചു. ഓണപ്പാട്ടുകളുടെയും ഉത്സവഗാനങ്ങളുടെയും വിജയങ്ങൾക്കിടയിൽ വേറിട്ട അനുഭൂതിയുമായി വന്നെത്തിയ 'വിഷാദഗാനങ്ങൾ' നാട്ടിൻപുറത്തെ കാമുകഹൃദയങ്ങളെ ആകമാനം പൊള്ളിച്ചു.

യേശുദാസ്(പഴയ ചിത്രം)

'ആരും കേൾക്കാത്ത അനുരാഗകഥയിലെ', 'തിരുവാതിരപ്പൂവേ’, ‘കടലിൻ അഗാധതയിൽ' തുടങ്ങിയ പാട്ടുകൾ സ്വന്തം പ്രണയം തുറന്നുകാട്ടാൻ ധൈര്യമില്ലാതെപോയവർക്കെല്ലാം ദാസേട്ടൻ നൽകിയ സാന്ത്വനമായി. അവരുടെ നീറുന്ന മനോവികാരങ്ങൾ അദ്ദേഹത്തിലൂടെ പ്രകാശകിരണങ്ങൾപോലെ പ്രതിഫലിച്ചു. പലരും ആ പാട്ടുകൾ ഹൃദിസ്ഥമാക്കി, നോട്ടു ബുക്കുകളിൽ എഴുതിസൂക്ഷിച്ചു, തനിച്ചിരുന്നപ്പോഴൊക്കെ കണ്ണീരോടെ വായിച്ചുനോക്കി. അതിനു തുടർച്ചയായി ലളിതഗാനങ്ങൾ പിന്നെയും ‘തരംഗിണി’ പ്രസിദ്ധീകരിച്ചു.

യേശുദാസിന്റെ അമേരിക്കയിലെ വസതിയിൽ അദ്ദേഹത്തിനൊപ്പം മോഹൻലാൽ

ഇന്നത്തെപ്പോലെ നിർഭയം മനസ്സുതുറക്കാൻ യാതൊരു മാർഗവുമില്ലാതിരുന്ന കാലത്തെ നിശബ്ദ പ്രണയങ്ങളെ ദാസേട്ടൻ ആ പാടിയ ലളിതഗാനങ്ങൾ എത്രത്തോളം സ്വാധീനിച്ചുവെന്നു തെളിയിക്കാൻ ഞാൻ ചില ഉദാഹരണങ്ങൾ എടുത്തുവച്ചിട്ടുണ്ട്. അവയിലൊന്നാണ് ഭാസ്കരൻ മാഷ് എഴുതി, മുഹമ്മദ് റഫി ഭക്തനായ ബോംബെ എസ്. കമാൽ ചിട്ടപ്പെടുത്തിയ 'വധൂവരന്മാർ വിടപറഞ്ഞു'. ഒരു കഥപറയുന്ന ശൈലിയിൽ അവതരിപ്പിച്ചിട്ടുള്ള ഈ മനോഹര ഗാനത്തെച്ചൊല്ലി നാട്ടിലെ രണ്ട് അക്കമാർ തമ്മിലുണ്ടായ പൊരിഞ്ഞ വാക്കുതർക്കം ഓർമയിലേക്കു വരുമ്പോൾ ഇന്നുപോലും എനിക്കു ചിരി പൊട്ടുന്നുണ്ട്.

കാലം 1988. അന്നു ഞാൻ ആലപ്പുഴ എസ്.ഡി. കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. ഒരുച്ചനേരം അയല്പക്കത്തെ രാജമ്മച്ചേച്ചിയുടെ വീട്ടു വരാന്തയിൽ കാറ്റുകൊണ്ടു കിടന്നപ്പോൾ അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന രണ്ട് അക്കമാർ അങ്ങോട്ടുവന്നു. അവർ എന്നെ ശ്രദ്ധിച്ചില്ല. പതിവുള്ള പരദൂഷണകഥകൾ എരിവും പുളിയും കലർത്തി പറഞ്ഞുരസിക്കുന്നതിനിടെ എപ്പോഴോ വിഷയം ഒരു പാട്ടിലേക്കു തിരിഞ്ഞു. രണ്ടുമൂന്നു പ്രേമങ്ങളിൽ കുടുങ്ങി പേരെടുത്തിട്ടുള്ള അക്ക പറയുന്നത് 'വധൂവരന്മാർ വിടപറഞ്ഞു' എന്ന പാട്ടിനെക്കുറിച്ചാണ്. എനിക്കു നല്ല പരിചയമുള്ള പാട്ടാണ്. 'തരംഗിണി'യുടെ 'ശരത്കാലപുഷ്പങ്ങൾ' എന്ന ആൽബത്തിലുണ്ട്. ആയിടെ പങ്കിയമ്മയുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം കേൾക്കും. അക്കയും അവിടെനിന്നാവാം കേട്ടുപഠിച്ചത്. ഞാൻ നല്ല ഉറക്കത്തിലാണെന്ന ധാരണയിൽ അക്ക മധുരം ഒട്ടുമില്ലാത്ത ഒച്ചയിൽ ആ പാട്ട് പാടാൻ തുടങ്ങി. അക്ക പാട്ട് മുഴുവനായും പഠിച്ചുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ പല വാക്കുകളും വളരെ വികലമായിട്ടാണ് പാടിയതെങ്കിലും ഇവിടെ ഞാൻ ശരിയായ രൂപത്തിൽത്തന്നെയാണ് വരികൾ നൽകുന്നത്.

"വധൂവരന്മാർ വിടപറഞ്ഞു

വന്നവർ വന്നവർ വേർപിരിഞ്ഞു

കല്യാണപ്പന്തലിൻ കോണിൽ‌നിന്നൊറ്റയ്ക്ക്

കണ്ണുനീർ തൂകുവോളാരു നീ

ഏകാകിനീ?"

ഇത്രയും പാടിയശേഷം അക്ക നെടുവീർപ്പിട്ടുകൊണ്ട് പറയുകയാണ്-

"എടീ, നീയൊന്ന് ആലോചിച്ചു നോക്കിയേ, കെട്ടുകഴിഞ്ഞ് എല്ലാരും പോയി. ആ പെണ്ണ് ഇപ്പഴും പന്തലിലിരുന്ന് കരയുവാ. അവള്ടെ അവസ്ഥ ആലോചിക്കുമ്പോ എന്റെ നെഞ്ച് കത്തുവാ."

സ്വന്തം അനുഭവത്തെ മുൻനിർത്തി അക്ക പറഞ്ഞതിനെ അല്പം പ്രായോഗിക ബുദ്ധിയുള്ള രണ്ടാമത്തെ അക്ക ഒട്ടും അനുതാപമില്ലാതെ പുച്ഛത്തോടെയാണ് കേട്ടത്. ഒരു പ്രേമിച്ചതിയുടെ കഥ അവരുടെ ഉള്ളിലുമുണ്ട്.

“അവളെന്നാത്തിനാ അവടെത്തന്നെ കുറ്റിയടിച്ചു നിക്കുന്നത്? സദ്യ കഴിച്ചില്ലേ, പിന്നെ വീട്ടി പൊക്കൂടെ!”

യേശുദാസ്

രണ്ടാമത്തെ അക്ക അതിനെ അത്ര നിസ്സാരമാക്കിയതിൽ ആദ്യത്തെ അക്ക ദേഷ്യപ്പെട്ടു-

"നിനക്ക് സ്നേഹം എന്താന്ന് വല്ലോം അറിയാവോ? അവൾക്കല്ല, നിനക്കായാലും അവിടുന്ന് പെട്ടെന്നങ്ങന പോവാൻ പറ്റത്തില്ല.”

"അതെന്താ’ എന്ന ചോദ്യത്തിനു മറുപടിയായി അക്ക അടുത്ത വരികൾ പറഞ്ഞു, പാടിയില്ല.

"കല്യാണപ്പെണ്ണ് നിൻ കൂട്ടുകാരി. കാന്തൻ നിന്നുടെ കളിത്തോഴൻ.

മൽ‌സഖി തോഴിയെ വേദിയിലേക്കു നീ ഉത്സാഹമഭിനയിച്ചാനയിച്ചു."

അതിനോടൊപ്പം അക്ക ഇതുകൂടി പറഞ്ഞു-

"കണ്ടോടീ അവള്ടെ ത്യാഗം? ഉള്ളിൽ കരച്ചിലു വന്നിട്ടും അവൾ ചിരിച്ചോണ്ട് നിക്കുവാ. സ്വന്തം കൂട്ടുകാരിക്ക് വേണ്ടി! എന്ത് വലിയ മനസ്സാടീ അവള്ടെ."

അക്ക വിങ്ങുന്നതുപോലെ തോന്നി. ശരിക്കും ഉള്ളതാണോ എന്നു ഞാൻ സംശയിക്കാതിരുന്നില്ല. അപ്പോഴേക്കും രണ്ടാമത്തെ അക്ക കലികൊണ്ടു-

"ഇതേയ്‌ ത്യാഗമൊന്നുമല്ല, അവൾ കള്ളിയാണ്! കല്യാണപ്പെണ്ണ് അവള്ടെ സ്വന്തം കൂട്ടുകാരി, ചെക്കനാണെങ്കി ഇവള്ടെ പഴേ കാമുകനും. കൊള്ളാം. എന്നിട്ട് അവൾ എന്താ ചെയ്തത്, പല്ലും ഇളിച്ചുകൊണ്ട് സ്വന്തം കൂട്ടുകാരിയെ പിടിച്ച് ആ ചെറുക്കന്റെ അടുത്ത് കൊണ്ടുനിർത്തി! എന്തൊര് അഭിനയമാടീ? ആ പാവം കൂട്ടുകാരിയോട് അവൾക്കിത് നേരത്തേ പറയാരുന്നില്ലേ? ഇവള്ടെ കരച്ചിലും പിഴിച്ചിലും ചെറുക്കൻകൂട്ടര് ആരേലും കണ്ടിരുന്നെങ്കി മറ്റവള്ടെ ജീവിതം തൊലഞ്ഞുപോയേനേ!"

യേശുദാസ്

ആദ്യത്തെ അക്ക അതൊന്നും വകവെക്കാതെ, ഏതോ ബാധ കയറിയതുപോലെ അടുത്തവരികളും പറഞ്ഞുതീർത്തു. വികാരത്തള്ളൽകാരണം വാക്കുകൾ അത്ര കൃത്യമായിരുന്നില്ലെങ്കിലും അവർ ഏതാണ്ട് പറഞ്ഞൊപ്പിച്ചു. അവിടെയാണ് ശരിക്കുമുള്ള തമാശ.

"നാഗസ്വരത്തിന്റെ മേളത്തിലാരും

നിൻ ശോകാർദ്ര ഗദ്ഗദം കേട്ടതില്ല

മായികാസ്വപ്നങ്ങൾ നിൻ മിഴിയിൽ പൊലിഞ്ഞത്

ഛായാഗ്രാഹകർ കണ്ടതില്ല!"

സ്വന്തം പ്രേമകഥ വിവരിക്കുന്ന വേദനയോടെയും തീവ്രതയോടെയും അക്ക പറയുകയാണ്-

"കണ്ടോടീ, നാദസരോം കൊട്ടും കാരണം ആ പാവം പെണ്ണ് കരയുന്ന ഒച്ച ആരും കേട്ടില്ല. ചായാഗാകർ പോലും തിരിഞ്ഞു നോക്കാതെ അവൾ കരയുവാടീ..."

അക്കയുടെ സ്വരം ഇടറി. മൂക്കിൽനിന്നും കൊഴുത്തദ്രാവകം ഒലിച്ചിറങ്ങിയതിനെ അക്ക പാവാടയിൽ തുടച്ചു. പക്ഷേ രണ്ടാമത്തെ അക്ക അതുകേട്ട് ഉറക്കെ ഉറക്കെ ചിരിക്കുകയാണ്.

യേശുദാസ് 2017-ൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് പദ്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നു

"കൊള്ളാടീ, ആ കൊട്ടുകാരെക്കൊണ്ട് അങ്ങനെ ഒരു ഗോണമൊണ്ടായി, ഒരു പെണ്ണിന്റെ ജീവിതം രക്ഷപ്പെട്ട്. പിന്നെ ചായാഗാകർക്ക് ആ സമയത്ത് ഭയങ്കര തെരക്കല്ലേ? എല്ലാർക്കും ചായ കൊടുക്കുന്നേനെടെ മൂലക്കുനിന്ന് കരയുന്നവളെ ഗവുനിക്കാൻ ആർക്കാ നേരം? ഇനി ഇവള്ടെ മോന്തക്ക് നോക്കാൻനിന്നാ കയ്യിലിരിക്കണ ചായഗ്ലാസ്സ് മറിഞ്ഞ് വല്ലോരുടെം ദേഹത്ത് വീഴത്തില്ലേ!"

അത്രയുമായപ്പോൾ ചിരി അടക്കിപ്പിടിക്കാൻ കഴിയാതെ ഞാനും വളരെയധികം വിഷമിച്ചു. ഭാസ്കരൻ മാഷ് ഉദ്ദേശിച്ച ഛായാഗ്രാഹകരെ അക്കമാർ പന്തലിൽ 'ചായ കൊടുക്കുന്നവ'രാക്കി മാറ്റിയിരിക്കുകയാണ്! പൊടുന്നനെയുള്ള എന്റെ പൊട്ടിച്ചിരി കേട്ട അക്കമാർ ഒരുനിമിഷം ചൂളിപ്പോയി. അവർ വേഗം ചാടി എഴുന്നേറ്റു.

'നീയെന്താടാ പൊട്ടാ ഇവിടെ കെടക്കുന്ന’തെന്നു ചോദിച്ചുകൊണ്ട് അവർ രണ്ടുപേരും എന്നെ ആട്ടിപ്പായിച്ചു.

പ്രൊഫ.മധുവാസുദേവന് യേശുദാസ് ഈണം സ്വരലയ പുരസ്കാരം സമ്മാനിക്കുന്നു

മുപ്പത്തേഴു വർഷങ്ങൾക്കു മുൻപ് ഇല്ലിക്കലെ രാജമ്മച്ചേച്ചിയുടെ വീട്ടുവരാന്തയിൽ അരങ്ങേറിയ രസകരമായ നാടകം ഇന്നും ഞാൻ ഓർക്കുന്നു. അന്നത്തെ അക്കമാർ പ്രായത്തിന്റെ അവശതകളോടെ ജീവിച്ചിരിപ്പുണ്ട്. രണ്ടുപേർക്കും അറുപത്തഞ്ചു കഴിഞ്ഞിട്ടുണ്ടാവണം. കൊച്ചുമക്കൾ പരിഹസിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇവിടെ പേരുകൾ മറച്ചുപിടിക്കുന്നത്. അന്നത്തെ അവരുടെ നാട്ടുവർത്തമാനവും വികാരപ്രകടനവും ഒരു നല്ല നേരമ്പോക്കായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അതിലെ സത്യം എനിക്കു മനസ്സിലാകുന്നു. വലിയ വിദ്യാഭ്യാസമില്ലാത്ത അക്കമാർക്ക് ആ ലളിതഗാനത്തെ സ്വന്തം അനുഭവമായി തോന്നാൻ ദാസേട്ടന്റെ ആലാപനമികവും ഒരു പ്രധാന കാരണമാണ്. വൈകാരികഭാവങ്ങൾ പകർന്നുകൊണ്ട് അതിനെ അത്രമേൽ വിശ്വസനീയമാക്കാൻ ദാസേട്ടനു സാധിച്ചു. അദ്ദേഹം പാടിയപ്പോൾ അവരോട് ഒരു സംഭവകഥ നേരിട്ടു പറയുന്നതുപോലെയാണ് അവർക്കു തോന്നിയത്. അക്കമാർക്കും അത് അവരുടെ കഥയായിരുന്നു. ഇതിനകം നൂറിലധികം തവണ ‘വധൂവരന്മാർ വിടപറഞ്ഞു’ കേട്ടുകഴിഞ്ഞ എനിക്കും അതൊരു വെറും പാട്ടല്ല, പരിചയമുള്ള ആരുടെയോ ജീവിതത്തിൽ സംഭവിച്ച പ്രണയദുരന്തമാണ്.

പ്രൊഫ.മധു വാസുദേവൻ തന്റെ പഴയ നാഷണൽ പാനാസോണിക് ടേപ്പ് റെക്കോർഡറുമായി

കാലം ഒരുപാട് മാറിപ്പോയിരിക്കുന്നു. കാസറ്റുകളുടെ താളാത്മകമായ കറക്കവും അനലോഗ് നൽകിയ കേൾവിസൗഖ്യവും ഏറെക്കുറെ അപ്രത്യക്ഷമായി. പാട്ടുകൾ ഡിജിറ്റൽ ഫയലുകളിലേക്കും മൊബൈൽ ഫോണിലേക്കും ചുരുങ്ങി. എംപിത്രീയുടെ വൻചതിയിൽ കുടുങ്ങിക്കിടക്കുന്ന മഹാഭൂരിപക്ഷം ശ്രോതാക്കളും ഇപ്പോൾ ദാസേട്ടനെയല്ല, ആ പേരുള്ള വേറെ ആരെയോ യൂട്യൂബ്, സ്പോട്ടിഫൈ, ജിയോസാവൻ, വിങ്ക് മ്യൂസിക്, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക് എന്നിവിടങ്ങളിൽ യാന്തികമായി കേട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇന്നും യാദൃച്ഛികമായി എവിടെനിന്നെങ്കിലും 'തരംഗിണി'യുടെ, ദാസേട്ടൻ പാടിയ പഴയൊരു ലളിതഗാനം ടേപ് റെക്കോഡിലൂടെ ഒഴുകിവരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും. ആ കാന്തിക നാടകളിൽ പതിഞ്ഞുകിടക്കുന്നത് ഒരു തലമുറയുടെ ആത്മാവാണ്. അങ്ങയുടെ എൺപത്താറാം ജന്മദിനത്തിൽ നിറഞ്ഞ സ്നേഹത്തോടെ പറയട്ടെ ദാസേട്ടാ, ഒരു പ്രണയഗാനം കേൾക്കുമ്പോൾ അതിൽ സ്വന്തം അനുഭവങ്ങളെയും ചേർത്തുകൊണ്ട് ആനന്ദംകൊള്ളാനും വിരഹത്തിൽ നീറാനും ആലപ്പുഴയിൽ തോണ്ടൻകുളങ്ങരയിലെ ആ പാവംപിടിച്ച അക്കമാരെ പഠിപ്പിച്ചതുപോലെ അങ്ങ് ഞങ്ങളെയും പഠിപ്പിച്ചു! അതിനാൽ ഞാൻ എന്നും വിശ്വസിക്കുന്നു, കാട്ടാശ്ശേരി ജോസഫ് യേശുദാസ് പാടിക്കേൾപ്പിക്കുന്നത് ഞങ്ങളുടെതന്നെ ജീവിതങ്ങളെയാണ്.