വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിലേക്ക് ചുവടുവെക്കുന്ന 'തുടക്കം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം ആരാധകർക്കായി പങ്കുവച്ചത്. 'തളിരോമലേ...' എന്ന് തുടങ്ങുന്ന മനോഹരമായ ഒരു മെലഡി ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കെ.എസ്. ചിത്ര ആലപിച്ച ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് ജോ പോളാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. റിലീസ് ചെയ്ത ഗാനരംഗത്തിൽ വിസ്മയ മോഹൻലാലിനൊപ്പം മുതിർന്ന താരങ്ങളായ സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആരാധകർ ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങൾക്കുശേഷം ചിപ്പിയുടെ ബിഗ്സ്ക്രീനിലേക്കുള്ള മടങ്ങിവരവുകൂടിയാണിത്.
ആഗോളതലത്തിൽ വൻ വിജയം കൈവരിച്ച '2018' എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'തുടക്ക'ത്തിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മുപ്പത്തിയേഴാമത് ചിത്രമാണിത്. ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവർക്കൊപ്പം സംവിധായകൻ ജൂഡ് ആന്തണിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോമോൻ ടി. ജോൺ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോയാണ്. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും, ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മനോഹർ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു.
മലയാള സിനിമയിലെ പ്രമുഖരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'തുടക്കം', പേരുപോലെ തന്നെ വിസ്മയ മോഹൻലാലിന്റെ കരിയറിലെ മികച്ച തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.