മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ തന്റെ സംഗീതം കൊണ്ടു കീഴടക്കിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും സിനിമാലോകത്തെത്തിയ അദ്ദേഹം, തൊണ്ണൂറുകളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞനായിരുന്നു.
1971ൽ സംഗീത സംവിധായകൻ വിജയഭാസ്കറിനൊപ്പം ഗിറ്റാറിസ്റ്റായാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 1975 മുതൽ കന്നഡ ചിത്രങ്ങളിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി പ്രവർത്തിച്ചു. 1981-ൽ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. മലയാളത്തിൽ രാഘവൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം മാൻഡലിൻ വായിച്ചും അസിസ്റ്റന്റ് ആയി പ്രവർത്തിച്ചും അദ്ദേഹം സജീവമായി. 'ടി.പി. ബാലഗോപാലൻ എം.എ' എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ അസിസ്റ്റന്റായാണ് മലയാളത്തിൽ പശ്ചാത്തല സംഗീതമൊരുക്കിയത്.
ഡെന്നിസ് ജോസഫ്, തമ്പി കണ്ണന്താനം എന്നിവരുമായുള്ള കൂട്ടുകെട്ടാണ് എസ്.പി. വെങ്കടേഷിനെ മലയാളത്തിലെ മുൻനിരക്കാരനാക്കിയത്. "രാജാവിന്റെ മകൻ' എന്ന ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മലയാളികൾക്കിടയിൽ തരംഗമായി മാറി. തുടർന്ന് മലയാളവാണിജ്യ സിനിമകളുടെ അവിഭാജ്യഘടകമായി എസ്.പി. വെങ്കിടേഷ് മാറി. 'കിലുക്കം', 'ജോണി വാക്കർ', 'ധ്രുവം', 'മിന്നാരം', 'സ്ഫടികം' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു.
കിലുക്കം, സ്ഫടികം, ദേവാസുരം (പശ്ചാത്തലസംഗീതം), വാത്സല്യം, പൈതൃകം, ജോണി വാക്കർ, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു. പശ്ചാത്തല സംഗീതത്തിൽ വിപ്ലവം സൃഷ്ടിച്ച അദ്ദേഹം, മാസ് പടങ്ങൾക്കും മെലഡികൾക്കും ഒരുപോലെ പ്രാധാന്യം നൽകി. അദ്ദേഹത്തിന്റെ വിയോഗത്തോടെ മലയാള സിനിമയിലെ മെലഡികളുടെ വലിയ അധ്യായമാണ് അവസാനിക്കുന്നത്.