19 വർഷത്തെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് പോപ്പ് റാണി ഷക്കീറ വീണ്ടും ഇന്ത്യയിലേക്ക്. ആരാധകരുടെ ആവേശം കണക്കിലെടുത്ത് മുംബൈയിൽ ഒരു ഷോ കൂടി അധികമായി പ്രഖ്യാപിച്ചതോടെ ആഘോഷം ഇരട്ടിയായിരിക്കുന്നു. രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച രണ്ട് ഷോയ്ക്കും ലഭിച്ച അഭൂതപൂർവമായ പ്രതികരണമാണ് മൂന്നാമതൊരു ഷോ കൂടി മുംബൈയിൽ ഉൾപ്പെടുത്താൻ സംഘാടകരെ പ്രേരിപ്പിച്ചത്. മുംബൈയിലെ മഹാലക്ഷ്മി റേസ്കോഴ്സിൽ ഏപ്രിൽ 10-ന് നിശ്ചയിച്ചിരുന്ന ആദ്യ ഷോയ്ക്ക് പുറമെ 11-നും ഷക്കീറ വേദിയിലെത്തും.
'ഇന്ത്യയിലെ ആരാധകരുമായി വീണ്ടും ഒന്നിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്. ഓരോ കുട്ടിക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒത്തുചേരൽ കൂടിയാണിത്'- ഷക്കീറ പറഞ്ഞു.ഏപ്രിൽ 10നും 11നും മുംബൈ മഹാലക്ഷ്മി റേസ്കോഴ്സിലാണ് സംഗീതനിശ. 15ന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ഷോ നടക്കും. മുംബൈയിലെ രണ്ടാം ഷോയുടെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പ് വഴിയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. 6,000-32,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
വെറുമൊരു സംഗീതനിശ എന്നതിലുപരി, ഒരു വലിയ സാമൂഹിക ലക്ഷ്യവും ഈ പര്യടനത്തിന് പിന്നിലുണ്ട്. സൊമാറ്റോയുടെ 'ഫീഡിംഗ് ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായാണ് ഈ കൺസേർട്ടുകൾ നടക്കുന്നത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക എന്ന സന്ദേശമാണ് ഇതിലൂടെ ഷക്കീറ പങ്കുവയ്ക്കുന്നത്.
2007ലെ ടൂറിനു ശേഷം ഷക്കീറ ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ ഷോയാണിത്. 'ഹിപ്സ് ഡോണ്ട് ലൈ...', 'വക്ക വക്ക...' തുടങ്ങിയ ആഗോള ഹിറ്റുകൾക്കൊപ്പം തത്സമയം ചുവടുവയ്ക്കാൻ ഇന്ത്യൻ ആരാധകർ കാത്തിരിക്കുകയാണ്.