മണിരത്നത്തിന്റെ 'ഇഞ്ചി വെല്ലം' എന്ന ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ആച്ചി ആച്ചി' എന്ന ഗാനം പുറത്തിറങ്ങി. റിലീസിന് പിന്നാലെ ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചടുലമായ സംഗീതത്തിനൊപ്പം നടി സായ് പല്ലവിയുടെ അപ്രതീക്ഷിത ലുക്കും ഗാനത്തിന്റെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്.
'ഒഎം' എന്ന ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിൽ എത്തിയ സായ് പല്ലവി, 'ഇഞ്ചി വെള്ള'ത്തിലും മുടി ചെറുതാക്കി പുതിയ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ഗർഭിണിയായ കഥാപാത്രമായാണ് താരം ഗാനരംഗത്തിൽ എത്തുന്നത്. ആകർഷകമായ രൂപത്തിനൊപ്പം ഊർജസ്വലമായ നൃത്തച്ചുവടുകളും ശ്രദ്ധ നേടുന്നുണ്ട്. ഗാനം പുറത്തിറങ്ങിയതുമുതൽ സായ് പല്ലവിയുടെ ഈ പുതിയ ലുക്കാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം.
ചിത്രത്തിലെ സായ് പല്ലവിയുടെ കഥാപാത്രത്തെക്കുറിച്ചും പലവിധ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. താരം കാൻസർ രോഗിയായാണ് എത്തുന്നതെന്ന് ചിലർ പറയുമ്പോൾ, വിജയ് സേതുപതി അവതരിപ്പിക്കുന്ന ഭർത്താവിൽ നിന്ന് അകന്നുകഴിയുന്ന കഥാപാത്രമാണിതെന്നാണ് മറ്റുചിലരുടെ നിഗമനം. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'രാമായണ'യിലെ സംഗീതവുമായി ബന്ധപ്പെട്ട് അടുത്തിടെ വിമർശനങ്ങൾ നേരിട്ട എ.ആർ. റഹ്മാൻ, ഈ ചടുലമായ ഗാനത്തിലൂടെ തന്റെ പതിവ് മികവിലേക്ക് തിരിച്ചെത്തിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സായ് പല്ലവിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു കൗതുകകരമായ വേഷം കൂടി ചേർക്കുകയാണ് 'ഇഞ്ചി വെല്ലം'.
'രാമായണ'യിലെ സീത, 'ഒ എമ്മി'ലെ നിത്യ റെഡ്ഡി എന്നീ കഥാപാത്രങ്ങൾക്കു പിന്നാലെയാണ് സായ് പല്ലവി 'ഇഞ്ചി വെല്ല'ത്തിലെത്തുന്നത്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന താരത്തിന്റെ പുതിയ ഹെയർസ്റ്റൈലും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. മണിരത്നം സായ് പല്ലവിക്കായി ഒരുക്കിയിരിക്കുന്ന കഥാപാത്രം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.