

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത നടിയാണ് സായ് പല്ലവി. മലയാള സിനിമയിൽ ചരിത്രമെഴുതിയ അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം 'പ്രേമ'ത്തിലൂടെ അഭിനയരംഗത്തെത്തിയ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെയും ശ്രദ്ധേയ സാന്നിധ്യമായി മാറി. 'ഫിദ' എന്ന ചിത്രത്തിലെ ഹൃദ്യമായ പ്രകടനത്തിലൂടെയാണ് തെലുങ്ക് പ്രേക്ഷകരുടെ മനസ്സിൽ താരം ഇടംനേടിയ താരം മാരി 2-ലൂടെ തമിഴകത്തും ശ്രദ്ധേയയായി.
കരുത്തുറ്റ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ പേരിൽ പലപ്പോഴും പ്രശംസിക്കപ്പെടുന്ന താരമാണ് സായ് പല്ലവി. എന്നാൽ 'രാമായണ: പാർട്ട് 1'ൽ സീതയായി എത്തിയ താരത്തിന്റെ പ്രകടനത്തിന് ചില കോണുകളിൽനിന്ന് വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഈ പ്രതികരണങ്ങളോട് താരം എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ചിത്രമായ 'ഒ.എം: ഓപ്പറേഷൻ മോളി'ലൂടെ ചർച്ചകളുടെ ദിശ മാറ്റിയിരിക്കുകയാണ് സായ് പല്ലവി. ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, സായ് പല്ലവിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് എവിടെയും. താരത്തിന്റെ അഭിനയത്തെച്ചൊല്ലി കാര്യമായ വിമർശനങ്ങളൊന്നും ഉയർന്നിട്ടില്ല.
എഎസ്പി നിത്യ റെഡ്ഡി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി 'ഒ.എമ്മി'ലെത്തുന്നത്. സത്യസന്ധതയും അനുഭവസമ്പത്തുമുള്ള ചെറുപ്പക്കാരിയായ പോലീസ് ഉദ്യോഗസ്ഥയായാണ് സായ് പല്ലവി വേഷമിടുന്നത്. ആന്ധ്രാപ്രദേശ് പോലീസ് സേനയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്നു നിത്യ റെഡ്ഡി.
പിന്നീട് സിബിഐയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആയി ഉയർത്തപ്പെടുകയും ഇന്റർപോളുമായി ചേർന്ന് പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ചന്ദനക്കടത്തും അതേക്കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചന്ദനക്കള്ളക്കടത്ത് തടയാൻ നിത്യ റെഡ്ഡി നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് 'ഒ.എം' അഥവാ 'ഓപ്പറേഷൻ മോൾ'.
ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സായ് പല്ലവിയുടേതാണെന്നാണ് ചിലരുടെ വിലയിരുത്തൽ. ധനുഷിനെയും മമ്മൂട്ടിയെയും പോലുള്ള പ്രഗത്ഭരായ താരങ്ങളെപ്പോലും അഭിനയത്തിൽ സായ് പല്ലവി മറികടന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു. കഥാപാത്രത്തിന്റെ ശരീരഭാഷ, ഭാവപ്രകടനങ്ങൾ, സ്ക്രീൻ പ്രസൻസ് തുടങ്ങി എല്ലാ മേഖലകളിലും താരം മികവ് പുലർത്തിയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. പൊലീസ് വേഷത്തിൽ ഏറെ സ്വാഭാവികമായാണ് സായ് പല്ലവി പ്രത്യക്ഷപ്പെടുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
'ഒ.എമ്മി'ന് ലഭിക്കുന്ന സ്വീകരണം സായ് പല്ലവിയെ സംബന്ധിച്ച് ഏറെ നിർണായകമായ സമയത്ത് കിട്ടിയ അനുഗ്രഹമാണ്. 'രാമായണ'യിലെ സീതയെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കുശേഷം തന്റെ അഭിനയമികവ് വീണ്ടും തെളിയിക്കാൻ താരത്തിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞു.