Beats

‘ജയ ജയ റാം’...അരിജിത് സിങ്ങിന്റെയും ശ്രേയ ഘോഷാലിന്റെയും ശബ്ദത്തിൽ 'രാമായണ'​ഗാനം

പപ്പപ്പ ഡസ്‌ക്‌

‘രാമായണ’ത്തിലെ ആദ്യ ഗാനം ‘ജയ ജയ റാം’ ഗണേശ ചതുര്‍ഥി ദിനത്തിൽ പുറത്തിറങ്ങി. അരിജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗായകരായ ഇരുവരുടെയും മാന്ത്രിക ശബ്ദം ഗാനത്തിന്റെ ആകർഷണം വർധിപ്പിച്ചിരിക്കുകയാണ്.

ശ്രേയയുടെയും അരിജിത്തിന്റെയും ആലാപനമാണ് ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാന ചർച്ചാവിഷയമായി മാറിയത്. ഓസ്കർ ജേതാവായ എ.ആർ. റഹ്‌മാനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

നേരത്തെ ‘രാമായണ’ത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും ആശങ്കയിലാക്കിയിരുന്നു. എന്നാൽ ചിത്രത്തിന്റെ സംഗീതയാത്രയ്ക്ക് മികച്ച തുടക്കമാണ് ‘ജയ ജയ റാം’ സമ്മാനിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളെത്തുടർന്നുണ്ടായ ആശങ്കകൾക്ക് ഒരുപരിധിവരെ ആശ്വാസം നൽകുന്നതാണ് ഗാനത്തിന് ലഭിക്കുന്ന സ്വീകരണം.

'രാമായണ'ത്തിലെ ​ഗാനത്തിൽ രൺബീർ കപുർ

‘ജയ ജയ റാം’ എന്നത് മൂന്ന് ലളിതമായ വാക്കുകളാണെങ്കിലും അതിനുള്ളിൽ പൂർണമായൊരു പ്രാർഥനയുണ്ടെന്ന് ഗാനരചയിതാവ് കുമാർ വിശ്വാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ശക്തമായ വരികൾക്കൊപ്പം എ.ആർ. റഹ്‌മാന്റെ സംഗീതവും ശ്രേയ ഘോഷാലിന്റെയും അരിജിത് സിങ്ങിന്റെയും ശബ്ദവും ചേർന്നപ്പോൾ ‘ജയ ജയ റാം’ വേറിട്ടൊരു അനുഭവമായി മാറിയിരിക്കുകയാണ്.

'രാമായണ'ത്തിലെ ​ഗാനത്തിൽ സായി പല്ലവി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ ആറിന് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027ലെ ദീപാവലി കാലയളവിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൺബീർ കപൂറാണ് ചിത്രത്തിൽ ശ്രീരാമനായി എത്തുന്നത്. സീതയായി സായി പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. സണ്ണി ഡിയോൾ ഹനുമാനായും രാകുൽ പ്രീത് സിങ് ശൂർപ്പണഖയായും എത്തുന്നു.

'രാമായണ'ത്തിലെ ​ഗാനത്തിൽ നിന്ന്

ആദ്യ ഭാഗത്തിന്റെ റിലീസിന് ഇനി ഏകദേശം രണ്ട് മാസം മാത്രം ശേഷിക്കെ ‘ജയ ജയ റാം’ എന്ന ആദ്യ ഗാനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണം ‘രാമായണ’ത്തിന് വലിയ ഉണർവാണ് നൽകുന്നത്. ഗാനത്തിലൂടെ ലഭിച്ച ഈ അനുകൂല പ്രതികരണം ചിത്രത്തിന്റെ വരാനിരിക്കുന്ന പ്രമോഷൻ പ്രവർത്തനങ്ങളിലും തുടരാനാകുമോയെന്നും നിലവിലെ ആകാംക്ഷ പ്രേക്ഷകരിലെ വലിയ പ്രതീക്ഷയായി മാറുമോയെന്നുമാണ് ഇനി കണ്ടറിയേണ്ടത്.