രജനികാന്തും ദേവയും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Beats

'വിഷമിക്കരുത്': 'പടയപ്പ'യിലേക്ക് റഹ്മാനെ വിളിക്കുന്ന കാര്യം ദേവയോട് പറഞ്ഞപ്പോൾ രജനി

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രമുഖ സംഗീതസംവിധായകന്‍ ദേവയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സൂപ്പര്‍താരം രജനികാന്ത്. 'അണ്ണാമലൈ', 'ബാഷ', 'അരുണാചലം' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം 'പടയപ്പ'യ്ക്കായി എ.ആര്‍. റഹ്‌മാനെയാണ് പരിഗണിക്കുന്നതെന്ന് ദേവയോട് നേരിട്ടു പറയേണ്ടിവന്ന സന്ദര്‍ഭം രജനികാന്ത് വൈകാരികമായി ഓര്‍ത്തെടുത്തു. ദേവയുടെ നിര്യാണത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്:

'അണ്ണാമലൈ, ബാഷ, അരുണാചലം എന്നീ മൂന്ന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ദേവ സംഗീതം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 'പടയപ്പ'യുടെ ജോലികള്‍ തുടങ്ങിയപ്പോള്‍, ചിത്രത്തിന് എ.ആര്‍. റഹ്‌മാനെയാണ് വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തോട് എങ്ങനെ പറയുമെന്നതില്‍ എനിക്ക് വലിയ പ്രയാസമുണ്ടായിരുന്നു. ഞാന്‍ വളരെ മടിച്ചാണ് ആ കാര്യം അദ്ദേഹത്തോട് പറഞ്ഞത്. ദയവായി വിഷമിക്കരുത് എന്ന് ഞാന്‍ പറഞ്ഞു...'

ദേവ

എന്നാല്‍ തന്റെ വാക്കുകള്‍ കേട്ട് ഒട്ടും വിഷമിക്കാതെ, പുഞ്ചിരിയോടെ കൈപിടിച്ച് ദേവ നല്‍കിയ മറുപടി തന്നെ അദ്ഭുതപ്പെടുത്തിയെന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു: 'റഹ്‌മാന്‍ വളരെ പ്രതിഭയുള്ള യുവ സംഗീതസംവിധായകനാണ്. തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെയ്യണം.' ദേവ പറഞ്ഞു. മാത്രമല്ല, 'അങ്ങയുടെ സിനിമയ്ക്ക് മൂന്നു തവണ സംഗീതം ചെയ്യാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു' എന്നും അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു'- രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

ദേവ

കപടതയില്ലാത്ത, കനകതുല്യമായ മനസുള്ള വ്യക്തിയാണ് ദേവയെന്ന് രജനികാന്ത് വിശേഷിപ്പിച്ചു. തുടക്കകാലത്ത് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് അദ്ദേഹം വളര്‍ന്നുവന്നത്. വിവാഹവീടുകളിലെ കച്ചേരികളില്‍ പാടിയാണ് അദ്ദേഹം തന്റെ സഹോദരങ്ങളെ വളര്‍ത്തിയത്. പിന്നീട് വലിയ താരമായി മാറിയപ്പോഴും കുടുംബത്തോട് ചേര്‍ന്നുനിന്ന് അവരെ സ്‌നേഹത്തോടെ നോക്കാന്‍ ദേവയ്ക്ക് കഴിഞ്ഞു. ഇളയരാജയുടെ പ്രതാപകാലത്തുപോലും സംഗീതലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും രജനികാന്ത് പറഞ്ഞു.