മലയാളികളുടെ പ്രിയ ഗായകന്‍, മധു ബാലകൃഷ്ണന്‍ പുതിയ ചുവടുവയ്പുമായി രംഗത്ത്. മധു നേതൃത്വം കൊടുക്കുന്ന പര്‍പ്പിള്‍ ബാന്‍ഡിന്റെ ഉദ്ഘാടനം കൊച്ചി ലുലുമാളില്‍ പ്രൗഢഗംഭീരമായി നടന്നു. മധുവിന്റെ അമ്മ ലീലാവതിയും ഭാര്യാമാതാവ് സാവിത്രിദേവിയും ചേര്‍ന്നു നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
സംഗീതം സിനിമയില്‍ മുഖ്യഘടകമായിരുന്നെങ്കില്‍ ഇന്ന് അതിന്റെ സാധ്യതകള്‍ കുറയുകയാണെന്നും അതിനാല്‍ നല്ല സംഗീതത്തെ പരിപോഷിപ്പിക്കാന്‍ തന്റെ ബാന്‍ഡിലൂടെ ശ്രമിക്കുമെന്നും മധു പറഞ്ഞു.
'നാടോടുമ്പോള്‍ നടുവേ ഓടുന്നതാണ് കാലഘട്ടത്തിന് യോജിച്ചത്. അതുകൊണ്ടു തന്നെയാണ് ബാന്‍ഡുമായി മുന്നോട്ടുവന്നത്. ഇംഗ്ലീഷ് സിനിമകളില്‍ കാണുന്നത് പോലെ എന്‍ഡ് കാര്‍ഡിലേക്ക് പാട്ടുകള്‍ കാണിക്കുന്ന പോലെ മലയാള സിനിമയിലെ ഗാനങ്ങള്‍ ചുരുങ്ങുകയാണ്. എല്ലാ ഗായകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകട്ടെ...' മധു പറഞ്ഞു.
തുടര്‍ന്ന് നടന്ന പര്‍പ്പിള്‍ ബാന്‍ഡിന്റെ ആദ്യ അവതരണം സദസിന്റെ നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങി. സംഗീതജീവിതത്തില്‍ മധു ബാലകൃഷ്ണന്‍ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളും മറ്റു ഗാനങ്ങളും കോര്‍ത്തിണക്കിയാണ് ബാന്‍ഡിന്റെ ലൈവ് ഷോ അരങ്ങേറിയത്. അച്ഛനൊപ്പം മകന്‍ മാധവ് ബാലകൃഷ്ണന്റെ തുറന്ന വേദിയിലെ അരങ്ങേറ്റവും ഗംഭീരമായി. സംഗീതജീവിതത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മധു ബാലകൃഷ്ണനെ ലുലുമാള്‍ ആദരിച്ചു. ലുലുവിന്റെ ഉപഹാരം സംവിധായകനും നടനുമായ മേജര്‍ രവിയും ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരനും ചേര്‍ന്നു കൈമാറി.
ലുലു മീഡിയ ഹെഡ് എന്‍.ബി. സ്വരാജും റീജണല്‍ ഡയറക്ടര്‍ സുധീഷ് നായരും ചേര്‍ന്ന് മധു ബാലകൃഷ്ണനെ പൊന്നാട അണിയിച്ചു. ആര്യടന്‍ ഷൗക്കത്ത് എംഎല്‍എ, നടന്‍ ശേഖര്‍ മേനോന്‍, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, നടി കൃഷ്ണപ്രഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.