എസ്.ജാനകി ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Beats

എസ്.ജാനകി അന്തരിച്ചു,​ഗാനകോകിലം പറന്നകലുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ മാന്ത്രികസ്വരം കൊണ്ട് ചിറകേറ്റിയ ​എസ്. ജാനകി (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1938 ഏപ്രില്‍ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള റെപ്പല്ലെ എന്ന ഗ്രാമത്തിലാണ് എസ്. ജാനകി ജനിച്ചത്. മൂന്നാം വയസില്‍ തന്നെ നാദസ്വര വിദ്വാന്‍ ശ്രീ പൈദിസ്വാമിയില്‍ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. 1957-ല്‍ ടി. ചലപതി റാവു സംഗീതസംവിധാനം നിര്‍വഹിച്ച 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്.

എസ്.ജാനകി(പഴയകാലചിത്രം)

മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെ ഇരുപതിലധികം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങള്‍ സം​ഗീതലോകവും ആരാധകരും ജാനകിയമ്മ എന്നുവിളിച്ച ​ഗായിക ആലപിച്ചിട്ടുണ്ട്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അവര്‍ക്ക് മൈസൂരു സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍, പുരസ്‌കാര നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജാനകി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. എസ്. ജാനകിയുടെ നിര്യാണത്തോടെ ഇന്ത്യന്‍ സംഗീതരംഗത്തെ ഒരു സുവര്‍ണ അധ്യായത്തിനാണ് അന്ത്യമാകുന്നത്.