Beats

നാട്ടുനന്മയുള്ള പാട്ടുപ്രേമികൾക്ക് ചിത്രയുടെ 'അത്തം പത്ത്'

പപ്പപ്പ ഡസ്‌ക്‌

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ഓണപ്പാട്ട് 'അത്തം പത്ത്' ആസ്വാദകരിലേക്ക്. ഓഡിയോട്രാക്സ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. 'നാട്ടുനന്മയുള്ള പാട്ടുപ്രേമികൾക്കുള്ളതാണ് ഈ ഓണക്കൈനീട്ടംയ സ്വീകരിച്ചാലും..'- ചിത്ര തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

രാജീവ് ആലുങ്കലാണ് ഗാനരചന. ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ സല്‍ജിന്‍ കളപ്പുരയാണ് ഈണം നല്‍കിയിരിക്കുന്നത്. ഇതിനുമുന്‍പ് രാജീവ് ആലുങ്കല്‍-സല്‍ജിന്‍ കളപ്പുര കൂടുകെട്ടില്‍ പുറത്തിറങ്ങിയ എം.ജി. ശ്രീകുമാര്‍ ആലപിച്ച 'എന്റെ പൊന്നു സ്വാമി' എന്ന അയ്യപ്പഭക്തിഗാനവും സുജാത പാടിയ 'സ്തുതി' എന്ന ക്രിസ്മസ് ആല്‍ബവും ജനശ്രദ്ധ നേടിയിരുന്നു.

അത്തം പത്തിന്റെ അണിയറക്കാർ

32 വര്‍ഷത്തിനു ശേഷം ശ്രീകുമാരന്‍ തമ്പിയും യേശുദാസും ഒരുമിച്ച്, 2023ല്‍ പുറത്തിറങ്ങിയ തരംഗണിയുടെ പൊന്നോണത്താളം എന്ന സൂപ്പര്‍ഹിറ്റ് ആല്‍ബത്തിന് സംഗീതം നല്‍കിയതും സല്‍ജിന്‍ കളപ്പുരയായിരുന്നു. മലയാളത്തിലും തമിഴിലും സജീവസാന്നിധ്യമാണ് യുവ സംഗീത സംവിധായകന്‍.

പ്രശസ്തരായ നിരവധി കലാകാരന്മാരാണ് അത്തം പത്തിന് പശ്ചാത്തല സംഗീതമൊരുക്കുവാന്‍ അണിചേര്‍ന്നത്. പതിവില്‍നിന്നു വ്യത്യസ്തമായി കോറസ് ടീമും ഗാനത്തിന്റെ പ്രത്യേകതയാണ്. ഏറെ കാലത്തിനു ശേഷമാണ് മെഗാ ഓര്‍ക്കസ്‌ട്രേഷനില്‍ ഒരു മലയാള ഗാനം പുറത്തിറങ്ങുന്നത്. നിര്‍മാണം- അനില്‍ നായര്‍.