സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലര്‍ 2'ന്റെ ജൂക്ക്‌ബോക്‌സ് പുറത്തിറങ്ങി. ഒക്ടോബര്‍ 15-ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ ഗാനങ്ങള്‍ പുറത്തുവിട്ടത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഓഡിയോ ലോഞ്ച് ചടങ്ങ് ഒഴിവാക്കിയാണ് നിര്‍മാതാക്കള്‍ ജൂക്ക്‌ബോക്‌സ് റിലീസ് ചെയ്തത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ആകെ പന്ത്രണ്ട് ട്രാക്കുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'അലാ ബൊലേലോ', 'വണ്‍ സണ്‍ വണ്‍ മൂണ്‍', 'നേട്രു പോണവൈ', 'വേറെമാരി', 'ജയിലര്‍ തീം', 'ബിന്ദാസ്', 'പൂട്ടാപ്പു ഗാങ്', 'ഷൈത്താന്‍', 'വണ്‍ നെയിം', 'ദിലീപ് തീം', 'ദില്‍ ഹരിയ', 'ഹുക്കും റീലോഡഡ്' എന്നിവയാണ് ജൂക്ക്‌ബോക്‌സിലെ പ്രധാന ഗാനങ്ങളും തീം മ്യൂസിക്കുകളും. മുമ്പ് പുറത്തിറങ്ങിയ 'അലാ ബൊലേലോ' എന്ന ഗാനത്തില്‍ മലയാളി താരം ഷംന കാസിമാണ് നൃത്തമാടിയത്.
2023-ല്‍ വന്‍ വിജയം നേടിയ 'ജയിലര്‍' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് 'ജയിലര്‍ 2' എത്തുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി തന്നെയാണ് രജനികാന്ത് വീണ്ടുമെത്തുന്നത്.
എസ്.ജെ. സൂര്യ, വിജയ് സേതുപതി, വിദ്യ ബാലന്‍, അന്നാ രാജന്‍, ഹക്കിം ഷാ, ഭഗവതി പെരുമാള്‍, മേഘ്‌ന രാജ്, ജതിന്‍ സര്‍ണ എന്നിവരാണ് ചിത്രത്തിലെ പുതിയ താരനിരയിലുള്ളത്. ആദ്യഭാഗത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത രമ്യാ കൃഷ്ണന്‍, ശിവരാജ് കുമാര്‍, വിനായകന്‍, യോഗി ബാബു, മിര്‍ണ, ജാഫര്‍ സാദിഖ് എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്.