ഇളയരാജ  ഫോട്ടോ-അറേഞ്ച്ഡ്
Beats

ഇളയരാജയ്ക്ക് തിരിച്ചടി; 134 സിനിമകളിലെ ഗാനങ്ങള്‍ക്ക് വിലക്കുമായി ഡല്‍ഹി ഹൈക്കോടതി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ജനപ്രിയ ചലച്ചിത്ര സംഗീത സംവിധായകന്‍ ഇളയരാജയും പ്രമുഖ മ്യൂസിക് കമ്പനി സരിഗമയും തമ്മിലുള്ള പകര്‍പ്പവകാശ തര്‍ക്കത്തില്‍ ഇളയരാജയ്ക്ക് തിരിച്ചടി. സരിഗമയുടെ ഉടമസ്ഥതയിലുള്ള 134 സിനിമകളിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍നിന്നാണ് ഇളയരാജയെ ഡൽഹി ഹൈക്കോടതി വിലക്കിയത്.

ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്, ജിയോസാവ്ന്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇളയരാജ സ്വന്തം പേരില്‍ ഗാനങ്ങള്‍ അപ്ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണമായത്. ഈ ഗാനങ്ങളുടെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന സരിഗമയുടെ വാദം കോടതി പ്രാഥമികമായി അംഗീകരിക്കുകയായിരുന്നു. 1976-2001 ഇടയില്‍ വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ സിനിമകളുടെ സംഗീത പകര്‍പ്പവകാശം നിര്‍മാതാക്കളുമായുള്ള കരാര്‍ പ്രകാരം തങ്ങള്‍ക്കുണ്ടെന്ന് സരിഗമ കോടതിയെ അറിയിച്ചു. പകര്‍പ്പവകാശ നിയമപ്രകാരം, മറ്റ് കരാറുകള്‍ ഇല്ലാത്ത പക്ഷം സിനിമയിലെ ഗാനങ്ങളുടെ ആദ്യ ഉടമസ്ഥാവകാശം നിര്‍മാതാവിനാണെന്ന നിയമവശവും കോടതി ചൂണ്ടിക്കാട്ടി. ഇളയരാജയുടെ നടപടി പകര്‍പ്പവകാശ ലംഘനമാണെന്നും ഇത് തങ്ങള്‍ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കമ്പനി വാദിച്ചു.

രജനികാന്തും ഇളയരാജയും. ഒരു പഴയചിത്രം

സരിഗമയുടെ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിഷയത്തില്‍ 30 ദിവസത്തിനുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇളയരാജയോട് നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഏപ്രില്‍ രണ്ടിനു പരിഗണിക്കും. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഉടമസ്ഥാവകാശത്തെ ബാധിക്കുന്നതാണ് വിധി. സംഗീത ലോകം ഉറ്റുനോക്കുന്ന നിയമപോരാട്ടമായി സംഭവം മാറിയിരിക്കുകയാണ്.

എസ്.പി. ബാലസുബ്രമഹ്ണ്യം-ഇളയരാജ തര്‍ക്കം

സംഗീതാസ്വാദകരെ ഏറെ വേദനിപ്പിച്ചതും വലിയ ചര്‍ച്ചയായതുമായ സംഭവമായിരുന്നു പകര്‍പ്പവകാശത്തിന്റെ പേരില്‍ ഇളയരാജയും ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യവും തമ്മിലുണ്ടായ നിയമപോരാട്ടം. 2017-ല്‍ ഇവര്‍ക്കിടയിലുണ്ടായ നിയമതര്‍ക്കം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു.

എസ്.പി. ബാലസുബ്രമഹ്ണ്യം,ഇളയരാജ

2017-ല്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ലോകം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംഗീത പര്യടനത്തിന്റെ തിരക്കിലായിരുന്നു. ഈ സമയത്താണ് ഇളയരാജയുടെ അഭിഭാഷകന്‍ എസ്പിബിക്കും സംഘാടകര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചത്. തന്റെ അനുമതിയില്ലാതെ ഗാനങ്ങള്‍ സ്റ്റേജ് ഷോകളില്‍ ആലപിക്കരുതെന്നും, അങ്ങനെ ചെയ്താല്‍ അത് പകര്‍പ്പവകാശ ലംഘനമാകുമെന്നും, വന്‍തുക പിഴ നല്‍കേണ്ടി വരുമെന്നുമായിരുന്നു നോട്ടീസിലെ ഉള്ളടക്കം.

തന്റെ ഉറ്റ സുഹൃത്തില്‍നിന്ന് ഇത്തരമൊരു നിയമനടപടി എസ്പിബി പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു: 'നിയമത്തെ ഞാന്‍ മാനിക്കുന്നു. പക്ഷേ, ഒരു വക്കീല്‍ നോട്ടീസിന് പകരം രാജയ്ക്ക് എന്നെ നേരിട്ട് വിളിച്ച് പറയാമായിരുന്നു. എങ്കില്‍ ആ ഗാനങ്ങള്‍ പാടുന്നത് ഞാന്‍ ഒഴിവാക്കുമായിരുന്നു...' എസ്പിബി കുറിച്ചു. പിന്നീടുള്ള സംഗീത നിശകളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ഒഴിവാക്കി മറ്റു സംഗീത സംവിധായകരുടെ ഗാനങ്ങളാണ് എസ്പിബി ആലപിച്ചത്.