ഇളയരാജ ഫോട്ടോ-അറേഞ്ച്ഡ്
Beats

ഇളയരാജ ചോദിക്കുന്നു:'സാക്ഷാല്‍ ദൈവം താന്‍ ദൈവമാണെന്ന് സ്വയം ചിന്തിക്കുമോ?'

പപ്പപ്പ റിപ്പോര്‍ട്ടര്‍

തന്നെ 'സംഗീതത്തിന്റെ ദൈവം' എന്ന് വിശേഷിപ്പിക്കുന്നതിനോടു പ്രതികരിച്ച് ഇതിഹാസ ചലച്ചിത്ര സംഗീത സംവിധായകന്‍ ഇളയരാജ. ചലച്ചിത്ര സംഗീതലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഇളയരാജയെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളുകള്‍ തന്നെ ദൈവമായി കാണുന്നത് അവരുടെ സ്‌നേഹപ്രകടനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇളയരാജ. സംഗീത ലോകത്തെ ദൈവമായി ആരാധകര്‍ അങ്ങയെ കാണുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു ചോദ്യം.

'ആളുകള്‍ എന്നെ അങ്ങനെ കരുതുന്നു, അത്രമാത്രം. സാക്ഷാല്‍ ദൈവം താന്‍ ദൈവമാണെന്ന് സ്വയം ചിന്തിക്കുമോ? ആളുകള്‍ക്ക് എന്നോടുള്ള അവരുടെ അങ്ങേയറ്റത്തെ സ്‌നേഹമായാണ് ഞാന്‍ ഇതിനെ കാണുന്നത്-' ഇളയരാജ വ്യക്തമാക്കി.

രജനികാന്തും ഇളയരാജയും. ഒരു പഴയചിത്രം

1976 മേയ് 14-ന് പുറത്തിറങ്ങിയ 'അന്നക്കിളി' എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അന്നക്കിളി റിലീസ് ചെയ്ത് 50 വര്‍ഷം തികയുന്ന വേളയിലാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. 'ഇസൈജ്ഞാനി' എന്ന് ആരാധകര്‍ വിളിക്കുന്ന ഇളയരാജ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

ഇളയരാജ എസ്.പി. ബാലസുബ്രമഹ്ണ്യത്തിനൊപ്പം

സംഗീത ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെ ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കൊപ്പം 'വാലിയന്റ്' എന്ന വെസ്റ്റേണ്‍ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിച്ച് അദ്ദേഹം ചരിത്രം കുറിച്ചിരുന്നു. യുകെയില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിക്കുന്ന ആദ്യ ഏഷ്യന്‍ സിനിമാ സംഗീത സംവിധായകനാണ് ഇളയരാജ. ഇളയരാജയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ നടന്‍ ധനുഷാണ് അദ്ദേഹമായി വേഷമിടുന്നത്.