ഹാരി സ്‌റ്റൈല്‍സ് ഫോട്ടോ-അറേഞ്ച്ഡ്
Beats

സംഗീത ലോകം ആവേശത്തില്‍; പുതിയ ആല്‍ബവുമായി ഹാരി സ്‌റ്റൈല്‍സ്

പപ്പപ്പ ഡസ്‌ക്‌

സംഗീതാസ്വാദകരുടെ പ്രിയതാരം ഹാരി സ്‌റ്റൈല്‍സ് തന്റെ പുതിയ ആല്‍ബം പ്രഖ്യാപിച്ചു. 'Kiss All the Time. Disco, Occasionally' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം മാര്‍ച്ച് ആറിന് പുറത്തിറങ്ങും. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം പുതിയ വിശേഷം പങ്കുവച്ചത്. ആല്‍ബത്തിന്റെ പേരും റിലീസ് തിയതിയും ഉള്‍പ്പെടുത്തിയുള്ള സ്‌റ്റൈലിഷ് ചിത്രത്തോടൊപ്പമാണ് ഹാരി വാര്‍ത്ത പുറത്തുവിട്ടത്.

'ആസ് ഇറ്റ് വാസ്', 'വാട്ടര്‍മെലണ്‍ ഷുഗര്‍' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹാരിയുടെ നാലാമത്തെ സോളോ ആല്‍ബമാണിത്. 2010-ല്‍ 'ദി എക്‌സ് ഫാക്ടര്‍ യുകെ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഹാരിയുടെ അരങ്ങേറ്റം. നയല്‍ ഹോറന്‍, ലിയാം പെയ്ന്‍, ലൂയിസ് ടോംലിന്‍സണ്‍, സെയ്ന്‍ മാലിക് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലോകപ്രശസ്തമായ 'വണ്‍ ഡയറക്ഷന്‍' ബാന്‍ഡ് രൂപീകരിച്ചു. 2017-ല്‍ 'സൈന്‍ ഓഫ് ദി ടൈംസി'ലൂടെ സോളോ ഷോ തുടങ്ങി. അതേ വര്‍ഷം തന്നെ ആദ്യ സോളോ ആല്‍ബവും പുറത്തിറക്കി.

ഹാരി സ്‌റ്റൈല്‍സിന്റെ പുതിയ ആൽബത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ

31കാരനായ താരം സംഗീതത്തിനൊപ്പം തന്നെ അഭിനയരംഗത്തും സജീവമാണ്. പുതിയ ആല്‍ബം പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.