ഇന്ത്യയിലെ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഡിജെ സ്നേക്കിന്റെ സംഗീത പര്യടനം റദ്ദാക്കി. ആരോഗ്യസ്ഥിതി മോശമാതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനാലാണ് തീരുമാനം. താന്‍ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളുമായി പോരാടുകയാണെന്നും ഇനി ഇതു നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം സമൂഹമാധ്യമഅക്കൗണ്ടുകളിൽ കുറിച്ചു.
'ഫെബ്രുവരി ആദ്യവാരം എനിക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ഇത് ഇനി വൈകിപ്പിക്കാന്‍ കഴിയില്ല. അതിനുശേഷം പൂര്‍ണ വിശ്രമത്തിനായി ഒരു മാസം വേണ്ടിവരും. അതിനാല്‍ ഇന്ത്യ ടൂര്‍ ഉള്‍പ്പെടെയുള്ള എന്റെ എല്ലാ ഷോകളും റദ്ദാക്കുകയാണ്. ഈ തീരുമാനം എടുക്കാന്‍ എനിക്ക് വലിയ പ്രയാസമുണ്ടായിരുന്നു. പക്ഷേ നൂറുശതമാനം ആരോഗ്യവാനായി തിരികെ വരാന്‍ ഇത് മാത്രമാണ് വഴി'-ഇതായിരുന്നു ഡിജെ സ്നേക്കിന്റെ കുറിപ്പ്.
സണ്‍ബേണ്‍ അരീനയുടെ ഭാഗമായി ഫെബ്രുവരിയില്‍ ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളിലായിരുന്നു ഡിജെ സ്നേക്കിന്റെ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ആയിരക്കണക്കിന് ആരാധകര്‍ക്ക് ഈ വാര്‍ത്ത വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമാണ് അദ്ദേഹത്തിനുള്ളത്.