ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ തന്റെ മധുരശബ്ദം കൊണ്ടു വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലേ വിടവാങ്ങുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ്. തന്റെ മരണം പാടിക്കൊണ്ടിരിക്കുമ്പോൾ സംഭവിക്കണമെന്നായിരുന്നു ആശാ ഭോസ്ലേ ആഗ്രഹിച്ചിരുന്നത്. നടൻ അമൃത റാവുവും ആർ.ജെ. അൻമോളും ചേർന്നു നടത്തിയ 'കപ്പിൾ ഓഫ് തിങ്സ്' എന്ന പോഡ്കാസ്റ്റിലായിരുന്നു അവർ തന്റെ മനസുതുറന്നത്.
'പാടിക്കൊണ്ടിരിക്കെ മരിക്കണമെന്നാണ് എന്റെ ആഗ്രഹം. സംഗീതമാണ് എന്റെ ജീവിതം. മൂന്ന് വയസുമുതൽ അച്ഛനിൽ നിന്ന് ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു തുടങ്ങി. പതിറ്റാണ്ടുകൾ സിനിമയിൽ പാടി. ഏറ്റവും സന്തോഷത്തോടെ യാത്രയാകാൻ ഞാൻ ആഗ്രഹിക്കുന്നത് പാടിക്കൊണ്ടിരിക്കുമ്പോഴാണ്.-' ആശ ഭോസ്ലേ പറഞ്ഞു.
ആദ്യ വിവാഹബന്ധത്തിലുണ്ടായ പ്രതിസന്ധികളും മക്കളുടെ വിയോഗവുമെല്ലാം ആശയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. ഗണപത്റാവു ഭോസ്ലേയുമായുള്ള വിവാഹത്തിനു ശേഷം നേരിട്ട ദുരനുഭവങ്ങളെത്തുടർന്ന് മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ അവർക്ക് സ്വന്തം വീട്ടിലേക്കു മടങ്ങേണ്ടി വന്നു. പിൽക്കാലത്ത് പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ അവർ വിവാഹം കഴിച്ചു. ഇരുവരും ചേർന്നൊരുക്കിയ ഗാനങ്ങൾ ഇന്ത്യൻ സിനിമയിലെ സുവർണ അധ്യായങ്ങളാണ്.
വ്യക്തിജീവിതത്തിൽ വലിയ ആഘാതങ്ങളാണ് ആശ ഭോഭോസ്ലേ നേരിട്ടത്. മകൾ വർഷ 2012-ലും, മൂത്ത മകൻ ഹേമന്ത് 2015-ലും അന്തരിച്ചു. സംഗീത സംവിധായകനായിരുന്നു ഹേമന്ത്. മൂന്നാമത്തെ മകൻ ആനന്ദ് ഭോസ്ലേയാണ് അമ്മയുടെ പ്രൊഫഷണൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പ്രതിസന്ധികളിലും സംഗീതത്തെ മുറുകെപ്പിടിച്ച അവർ, പേരക്കുട്ടികൾക്കൊപ്പമാണ് അവസാന കാലം ചെലവഴിച്ചത്. എഴു പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യക്കു വിരാമമിട്ടാണ് ഇന്ത്യൻ സിനിമയുടെ വാനമ്പാടി യാത്രയായത്.