തലമുറകളെ ആവേശം കൊള്ളിച്ച ഇന്ത്യന്‍ സംഗീതലോകത്തെ അനശ്വര ഗായിക ആശാ ഭോസ്ലെയുടെ അവസാനമായി റെക്കോര്‍ഡ് ചെയ്ത ചലച്ചിത്ര ഗാനം പുറത്തിറങ്ങുന്നു. ഗായികയുടെ ജന്മദിനമായ സെപ്റ്റംബര്‍ എട്ടിനാണ് ഗാനം ആസ്വാദകരിലേക്ക് എത്തുന്നത്. ഹരീഷ് വ്യാസ് സംവിധാനം ചെയ്യുന്ന 'ഓം കാ ഹരി' എന്ന കോമഡി ഡ്രാമ ചിത്രത്തിലെ 'എ മേരി സിന്ദഗി, തൂ ചുപി ഹൈ കഹാം' എന്ന മനോഹര ഗാനമാണ് പുറത്തുവരാനൊരുങ്ങുന്നത്.
തൊണ്ണൂറാം വയസില്‍, 2023-ന്റെ അവസാനത്തോടെയാണ് ഇതിഹാസഗായിക ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്. അച്ഛനും മകനും തമ്മിലുള്ള വയോധിക-യൗവന ബന്ധത്തിന്റെ സങ്കീര്‍ണതകളും പരസ്പരം തുറന്നുപറയാന്‍ മടിക്കുന്ന വികാരങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ കഥാഗതിയില്‍ ഏറെ വൈകാരിക പ്രാധാന്യമുള്ള ഒന്നാണ് ഈ ഗാനം. അന്‍ഷുമാന്‍ ഝാ, രഘുബീര്‍ യാദവ്, സോണി റസ്ദാന്‍, ആയിഷ കപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജീവിതത്തോടുള്ള സ്‌നേഹവും സന്തോഷവും പങ്കുവെക്കുന്ന ഗാനം ആശാ ഭോസ്ലെയുടെ ജന്മദിനത്തില്‍ റിലീസ് ചെയ്യുന്നത് അവരുടെ അവിസ്മരണീയമായ സംഗീത സപര്യയ്ക്കുള്ള വലിയൊരു ആദരവായാണെന്ന് സംവിധായകന്‍ ഹരീഷ് വ്യാസ് വ്യക്തമാക്കി. തന്റെ സ്വന്തം ജീവിത അനുഭവങ്ങളുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രത്തില്‍, ആശാ ഭോസ്ലെയുടെ ശബ്ദത്തില്‍ പുറത്തുവരുന്ന ഗാനം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് കലാജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമാണെന്ന് നടന്‍ അന്‍ഷുമാന്‍ ഝാ പറഞ്ഞു. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ അവരുടെ സാന്നിധ്യത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍ വലിയൊരു അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴു പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയില്‍ പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ കോടിക്കണക്കിന് ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ആശാ ഭോസ്ലെയുടെ ശബ്ദം ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ മുഴങ്ങുമ്പോള്‍, അത് ഇന്ത്യന്‍ സിനിമാ ലോകത്തിന് വൈകാരികമായ മറ്റൊരു ഓര്‍മക്കുറിപ്പായി മാറും.