

ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ പര്യായമായിരുന്ന ആശാ ഭോസ്ലെ ഇനി ഓര്‍മ. വെള്ളിത്തിരയില്‍, നിരവധി നായികമാര്‍ക്കു ജീവന്‍ നല്‍കിയ ആ ശബ്ദം നിശബ്ദമായപ്പോള്‍ അടക്കാനാകാത്ത തേങ്ങലിലാണ് ചലച്ചിത്രലോകവും ആരാധകരും. തന്റെ കരിയറിലെ ഏഴു പതിറ്റാണ്ടുകളില്‍ സംഗീതത്തിനപ്പുറം വലിയ സൗഹൃദങ്ങള്‍ സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു അവര്‍.
ബോളിവുഡ് ചക്രവര്‍ത്തിനിയായിരിക്കുമ്പോഴും ദക്ഷിണേന്ത്യന്‍ സിനിമയുമായി, പ്രത്യേകിച്ച് തമിഴ് മക്കളോടു വലിയൊരു ആത്മബന്ധം ആശാജി പുലര്‍ത്തിയിരുന്നു. ശിവാജി ഗണേശന്‍ എന്ന അഭിനയ പ്രതിഭയുമായി അവര്‍ക്കുണ്ടായിരുന്നത് അത്യപൂര്‍വമായൊരു സഹോദര ബന്ധമായിരുന്നു.
ഭാഷയല്ല സ്‌നേഹമാണ് പ്രധാനമെന്ന് ആശ ഭോസ്‌ലെ പറഞ്ഞിട്ടുണ്ട്. 'ശിവാജി അണ്ണന്‍ എനിക്ക് സഹോദരനെപ്പോലെയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമായിരുന്നു. അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കും, ഞാന്‍ ഹിന്ദിയിലും. ഞങ്ങള്‍ക്ക് പരസ്പരം എല്ലാം മനസിലാകുമായിരുന്നു.' -ഒരിക്കല്‍ ഒരു റിയാലിറ്റി ഷോയില്‍ ആശ പറഞ്ഞു. ശിവാജിയുടെ 'മുതല്‍ മര്യാദൈ' എന്ന ചിത്രത്തിലെ 'പൂങ്കാറ്റ് തിരുമ്പുമാ' എന്ന ഗാനം ഇന്നും തമിഴകത്തെ വിസ്മയമാണ്. താന്‍ തമിഴില്‍ പാടുമെന്ന് പറഞ്ഞപ്പോള്‍ 'നിനക്കെന്ത് തമിഴറിയാം ആശാ...' എന്ന് പറഞ്ഞ് ശിവാജി കളിയാക്കുമായിരുന്നുവെന്നും, എന്നാല്‍ ആ പാട്ടുകേട്ട് അദ്ദേഹം അമ്പരന്നുപോയെന്നും അവര്‍ ചിരിയോടെ പങ്കുവച്ചിട്ടുണ്ട്.
ആശയുടെ സംഗീതയാത്രയില്‍ കിഷോര്‍ കുമാറുമായുള്ള സൗഹൃദം വലിയൊരു അധ്യായമാണ്. തുടക്കകാലത്ത് ഒരു റെക്കോഡിസ്റ്റ് ആശയെയും കിഷോര്‍കുമാറിനെയും സ്റ്റുഡിയോയില്‍നിന്ന് ആക്ഷേപിച്ച് പുറത്താക്കിയ സംഭവമുണ്ടായിട്ടുണ്ട്. വലിയ വിഷമത്തോടെയാണ് ഇരുവരും സ്റ്റുഡിയോ വിട്ടത്. അത്രയ്ക്ക് അപമാനകരമായ വാക്കുകളായിരുന്നു റെക്കോഡിസ്റ്റ് അവര്‍ക്കെതിരെ ഉപയോഗിച്ചത്. രാത്രി വൈകി വിശപ്പടക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചായ കുടിച്ചിരുന്നു. പിന്നീട്, ആ രണ്ടു പേര്‍ ഇന്ത്യന്‍ സിനിമയുടെ ഗാനശാഖയെ തിരുത്തിയെഴുതിയ മഹാപ്രതിഭകളായി. കാലം അതിനും സാക്ഷി..!
'അന്ന് ആ റെക്കോഡിസ്റ്റ് പറഞ്ഞത് ഞങ്ങളുടെ ശബ്ദം ശരിയല്ലെന്നാണ്. കിഷോര്‍ ദാ തളര്‍ന്നുപോയി. പക്ഷേ എനിക്കറിയാമായിരുന്നു അദ്ദേഹം ഒരു വലിയ കലാകാരനാകുമെന്ന്...' പഴയ സംഭവങ്ങള്‍ വിവിധ അഭിമുഖങ്ങളില്‍ ആശ ഓര്‍ത്തെടുത്തു പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അതേ റെക്കോഡിസ്റ്റിനെ വീണ്ടും കണ്ടപ്പോള്‍ അയാള്‍ക്കെതിരെ കയര്‍ത്ത കിഷോര്‍ ദായെ തടഞ്ഞ്, 'ഒരാളുടെയും ജോലി കളയാന്‍ നമ്മള്‍ കാരണമാകരുത്...' എന്ന് ഉപദേശിച്ച ആശാജിയുടെ വ്യക്തിത്വം ഒരു പാഠമാണ്. തന്റെ മറാത്തി കലര്‍ന്ന ഉച്ചാരണത്തെ കളിയാക്കി കിഷോര്‍ കുമാര്‍ തമാശയായി വിളിച്ചിരുന്ന 'ഡോണ്‍' എന്ന പേര് അവര്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.
ഗാനവസന്തം അവസാനിച്ചിരിക്കുന്നു... ആ മധുരശബ്ദം ഇനി നമ്മുടെ സ്മരണകളില്‍ മാത്രം. ഇന്ത്യന്‍ സംഗീതത്തിന്റെ ഒരു യുഗം തന്നെയാണ് ആശാ ഭോസ്ലെയുടെ വിയോഗത്തിലൂടെ വിസ്മൃതിയിലാകുന്നത്.