വിനയൻ,​ഗിന്നസ് പക്രു,സാ​ഗർ സൂര്യ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും ഒന്നിക്കുന്ന ഫാന്റസി ചിത്രവുമായി വിനയന്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമാപ്രേമികള്‍ക്കു പുതിയൊരു ദൃശ്യവിരുന്ന് സമ്മാനിക്കാന്‍ ഫാന്റസി ചിത്രവുമായി സംവിധായകന്‍ വിനയന്‍. ഗിന്നസ് പക്രുവും സാഗര്‍ സൂര്യയുമാണു കേന്ദ്രകഥാപാത്രങ്ങള്‍. മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീനടന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. കൂടാതെ ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു എന്നത് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

അത്യാധുനിക ടെക്‌നോളജിയുടെ സഹായത്തോടെ, തികച്ചും വ്യത്യസ്തമായ വിഷ്വല്‍ ട്രീറ്റിലാണ് കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികളും ടെസ്റ്റ് ഷൂട്ടും പുരോഗമിക്കുകയാണ്. ഈ തലമുറയിലെ പ്രഗത്ഭരായ സാങ്കേതികവിദഗ്ധരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

മുമ്പുള്ള എല്ലാ പരീക്ഷണചിത്രങ്ങളെയും നെഞ്ചിലേറ്റിയ പ്രേക്ഷകര്‍, തികഞ്ഞ വിനോദവും വേറിട്ട ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്ന പുതിയ ചിത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു താനെന്ന് വിനയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വിനയൻ

സിനിമാലോകത്തെ യാഥാസ്ഥിതിക സമവാക്യങ്ങളെയും വിലക്കുകളെയും കാറ്റില്‍പ്പറത്തി, സ്വന്തം വഴിവെട്ടിത്തെളിച്ച സംവിധായകനാണ് വിനയന്‍. മലയാളസിനിമയുടെ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം കേവലം ഹിറ്റ് സിനിമകളുടെ എണ്ണത്തിലല്ല, മറിച്ച് അദ്ദേഹം നടത്തിയ ധീരമായ പരീക്ഷണങ്ങളിലും നിലപാടുകളിലുമാണ്.

അടുത്തിടെ പുറത്തിറങ്ങിയ 'മോളിവുഡ് ടൈംസ്' എന്ന സിനിമയിൽ ഹൊറർ സിനിമാസംവിധായകനാകാൻ ആ​ഗ്രഹിച്ചു നടക്കുന്ന നസ്‌ലിന്റെ വിനീത് മാധവൻ എന്ന കഥാപാത്രം റോൾമോഡലായി കാണുന്നത് വിനയനെയാണ്. 'മോളിവുഡ് ടൈംസ്' സംവിധായകൻ അഭിനവ് സുന്ദർ നായക് സിനിമയ്ക്ക് മുമ്പ് നല്കിയ ഒരു അഭിമുഖത്തിൽ തന്നെ പ്രചോദിപ്പിച്ച സംവിധായകനായി പറഞ്ഞതും വിനയന്റെ പേരാണ്. ഇത് അദ്ദേഹം മലയാളസിനിമയിലുണ്ടാക്കിയ സ്വാധീനത്തിന്റെ സൂചനയായി കാണാം.

വിനയൻ. ഒരു പഴയകാല ചിത്രം

ആരും തൊടാന്‍ മടിച്ച പ്രമേയങ്ങളും സാങ്കേതിക വെല്ലുവിളികളും ഏറ്റെടുക്കാന്‍ വിനയന്‍ എന്നും മുന്നിലുണ്ടായിരുന്നു എന്നതാണ് ആ സംവിധായകന്റെ മികവ്. 'ആകാശഗംഗ' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ക്ക് പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച സംവിധായകന്‍ കൂടിയാണ് വിനയന്‍. 'അദ്ഭുതദ്വീപ്' എന്ന സിനിമയിലൂടെ അദ്ദേഹം പൊക്കം കുറഞ്ഞ നൂറുകണക്കിന് കലാകാരന്മാരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഗിന്നസ് ബുക്കില്‍ ഇടംനേടുകയും, അതുവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്തു.

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കലാഭവൻ മണി,കാവേരി തുടങ്ങിയവർക്കൊപ്പം വിനയൻ

'അതിശയന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യകാല സൂപ്പര്‍ഹീറോ-വിഎഫ്എക്‌സ് പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ട സംവിധായകന്‍ എന്ന ഖ്യാതിയും വിനയനു സ്വന്തം. സാങ്കേതിക സൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്തും ഗ്രാഫിക്‌സും വിഷ്വല്‍ എഫക്ട്‌സും ധൈര്യത്തോടെ ഉപയോഗിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല.

ജയസൂര്യ, ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങിയ ഇന്നത്തെ പ്രമുഖ നടന്മാര്‍ക്ക് കരിയറിന്റെ തുടക്കകാലത്ത് വഴിത്തിരിവായ ശക്തമായ കഥാപാത്രങ്ങള്‍ നല്‍കിയത് വിനയനാണ്. കലാഭവന്‍ മണിയുടെ കരിയറില്‍ മികച്ച ചിത്രം സമ്മാനിച്ചതും വിനയനാണ്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ബോക്‌സ്ഓഫീസ് ഹിറ്റ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.

'രാക്ഷസരാജാവി'ന്റെ സെറ്റിൽ മമ്മൂട്ടിയും വിനയനും

സിനിമാ സംഘടനകളുടെ വിലക്കുകളും മാറ്റിനിര്‍ത്തലുകളും നേരിടേണ്ടിവന്നിട്ടും, പൊരുതി ജയിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതാണ്. നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, ചരിത്രപശ്ചാത്തലത്തില്‍ ഒരുക്കിയ 'പത്തൊമ്പതാം നൂറ്റാണ്ട്' പോലെയുള്ള ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി, തന്നിലെ സംവിധായകന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് വിനയന്‍.