'വരവി'ന്റെ പായ്ക്കപ്പിന് അഭിനേതാക്കളും അണിയറപ്രവർത്തകരും ഒന്നിച്ചപ്പോൾ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

എല്ലാം സെറ്റ്; ഷാജികൈലാസ്-ജോജു-എ.കെ.സാജൻ ടീമിന്റെ 'വരവ്' ചിത്രീകരണം പൂർത്തിയായി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഷാജി കൈലാസ് ജോജു ജോർജിനെ നായകനാക്കി ഒരുക്കുന്ന 'വരവ്' പായ്ക്കപ്പായി. തേനിയിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവിന്റെ ചിത്രീകരണം തുടങ്ങിയത്. തുടർന്ന് മുണ്ടക്കയം,കോട്ടയം,മറയൂർ എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനുശേഷമായിരുന്നു തേനിയിൽ കഴിഞ്ഞദിവസം അവസാനഘട്ട ചിത്രീകരണത്തിന് തുടക്കമായത്. ചിത്രത്തിലെ ചില സുപ്രധാന രം​ഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

ഷാജി കൈലാസ് ആദ്യമായി ജോജുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരവ്'. 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്','ദ്രോണ' എന്നീ ഹിറ്റുകൾക്ക് ശേഷം ഷാജി കൈലാസിനായി എ.കെ.സാജൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'വരവ്'. വൻതാരനിര അണിനിരക്കുന്ന ചിത്രം ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റജി നിർമിക്കുന്നു.

'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസ്,ജോജു ജോർജ്,എ.കെ.സാജൻ എന്നിവർ

മുരളി ഗോപി, അർജുൻ അശോകൻ,ദീപക് പറമ്പോൽ, ബാബുരാജ്, ബൈജു സന്തോഷ്,അസീസ് നെടുമങ്ങാട്,ബോബി കുര്യൻ,ശ്രീജിത്ത് രവി,അഭിമന്യു ഷമ്മി തിലകൻ, അശ്വിൻ കുമാർ, ബിജു പപ്പൻ, കോട്ടയം രമേശ്, ബാലാജി ശർമ്മ, ചാലി പാല, സുകന്യ,വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ തുടങ്ങി അഭിനേതാക്കളുടെ വമ്പൻനിരയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് ശേഷം സുകന്യ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന എന്ന പ്രത്യകതയും 'വരവി'നുണ്ട്.

'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസ്,മുരളി ​ഗോപി,എസ്.ശരവണൻ എന്നിവർ

തെന്നിന്ത്യയിലെ പ്രശസ്ത ഛായാ​ഗ്രാഹകൻ എസ്.ശരവണനാണ് ക്യാമറ. സാം സി.എസ് ആണ് സം​ഗീതം. എഡിറ്റിങ് ഷമീർ മുഹമ്മദ് നിർവഹിക്കുന്നു. അര ഡസനോളം വരുന്ന 'വരവി'ലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫർമാരായ കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ തുടങ്ങിയവർ ഒരുക്കുന്നു.

ജോജുവിന്റെ കണ്ണുകളിലെരിയുന്ന കനലുമായി വന്ന 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. ഷാജി കൈലാസ് ശൈലി മുഴുവൻ നിറയുന്നതാകും ചിത്രമെന്ന സൂചന തരുന്നതായിരുന്നു പോസ്റ്റർ. ​'ഗെയിം ഓഫ് സർവൈവൽ' എന്നാണ് വരവിന്റെ ടാ​ഗ് ലൈൻ.