'വരവ്' ട്രെയിലറിൽ ജോജു ജോർജ് സ്ക്രീൻ​ഗ്രാബ്
Malayalam

ജോജുവിന്റെ 'വരവ്' വീണ്ടും വൈകും;റിലീസ് മാറ്റം മികച്ച ദൃശ്യാനുഭവത്തിനായി

പപ്പപ്പ ഡസ്‌ക്‌

മാസ് പടങ്ങളുടെ സംവിധായകന്‍ ഷാജി കൈലാസും ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന 'വരവ്' എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി. ജൂണ്‍ 12-ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസിന് തൊട്ടുതലേന്ന്, അവസാന നിമിഷത്തിലാണ് റിലീസ് വീണ്ടും മാറ്റിവെച്ചതായി നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദ്യം മെയ് ഒന്നിനു നിശ്ചയിച്ചിരുന്ന റിലീസാണ് പിന്നീട് ജൂണ്‍ 12-ലേക്ക് മാറ്റിയിരുന്നത്. അതിപ്പോള്‍ വീണ്ടും നീളുകയാണ്.

പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതിനാണ് റിലീസ് വൈകുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സാങ്കേതികപരമായ തികവിനായാണോ ഈ മാറ്റമെന്ന് വ്യക്തമല്ലെങ്കിലും, പുതുക്കിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്', 'ദ്രോണ 2010' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ തിയേറ്ററുകളില്‍ കിടിലന്‍ മാസ് ആക്ഷന്‍ ത്രില്ലര്‍ തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

'വരവ്' ട്രെയിലറിൽ ജോജു ജോർജ്

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പക്കാ റിവഞ്ച് സ്റ്റോറിയെന്നാണ് സൂചന. പോൾസൺ എന്ന മാസ് കഥാപാത്രമായാണ് ജോജു ചിത്രത്തിലെത്തുന്നത്. ജോജുവിനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വാണി വിശ്വനാഥിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാകും ചിത്രം. ഇവര്‍ക്കൊപ്പം മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, സാനിയ അയ്യപ്പന്‍, സുകന്യ, ബാബുരാജ്, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

'വരവി'ന്റ സെറ്റിൽ തിരക്കഥാകൃത്ത് എ.കെ.സാജനും നായകൻ ജോജു ജോർജിനുമൊപ്പം ഷാജി കൈലാസ്

ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്,എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പിആർഒ: മഞ്ജു ഗോപിനാഥ്,സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്:യെല്ലോടൂത്ത്സ് ആന്റ് റോക്കറ്റ് സയൻസ്.