'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്  അറേഞ്ച്ഡ്
Malayalam

കണ്ണിൽ കനലുമായി ജോജു,​ അതിജീവനക്കളിയുമായി 'വരവ്' ഫസ്റ്റ് ലുക്ക്

പപ്പപ്പ ഡസ്‌ക്‌

ജോജുവിന്റെ കണ്ണുകളിലെരിയുന്ന കനലുമായി 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഷാജി കൈലാസ് ശൈലി മുഴുവൻ നിറയുന്നതാകും ചിത്രമെന്ന സൂചന തരുന്നതാണ് പോസ്റ്റർ. ജോജുവിന്റെ തീക്കണ്ണും ചിതറിത്തെറിക്കുന്ന ചില്ലുകഷണങ്ങളും കുരിശുമാലയും നിറയുന്ന പോസ്റ്ററിലെ ടാ​ഗ് ലൈൻ ​'ഗെയിം ഓഫ് സർവൈവൽ' എന്നാണ്. എ.കെ.സാജൻ തിരക്കഥയൊരുക്കുന്ന വരവ് ഹൈറേ‍ഞ്ച് പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ്.

വൻതാരനിരയെ അണിനിരത്തി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റജിയാണ്. മുരളി ഗോപി, അർജുൻ അശോകൻ,ദീപക് പറമ്പോൽ, ബാബുരാജ്, ബൈജു സന്തോഷ്,അസീസ് നെടുമങ്ങാട്,ബോബി കുര്യൻ,ശ്രീജിത്ത് രവി,അഭിമന്യു ഷമ്മി തിലകൻ, അശ്വിൻ കുമാർ, ബിജു പപ്പൻ, കോട്ടയം രമേശ്, ബാലാജി ശർമ്മ, ചാലി പാല, സുകന്യ,വാണി വിശ്വനാഥ്, വിൻസി അലോഷ്യസ് സാനിയ അയ്യപ്പൻ തുടങ്ങി അഭിനേതാക്കളുടെ വമ്പൻനിരയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് ശേഷം സുകന്യ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന എന്ന പ്രത്യകതയും 'വരവി'നുണ്ട്.

'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്','ദ്രോണ' എന്നീ ഹിറ്റുകൾക്ക് ശേഷം ഷാജി കൈലാസിനായി എ.കെ.സാജൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'വരവ്'. തെന്നിന്ത്യയിലെ പ്രശസ്ത ഛായാ​ഗ്രാഹകൻ എസ്.ശരവണനാണ് ക്യാമറ. സാം സി.എസ് ആണ് സം​ഗീതം. എഡിറ്റിങ് ഷമീർ മുഹമ്മദ് നിർവഹിക്കുന്നു. അര ഡസനോളം വരുന്ന 'വരവി'ലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫർമാരായ കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു.

'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കോ പ്രൊഡ്യൂസർ - ജോമി ജോസഫ്, കലാസംവിധാനം-സാബു റാം,മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം- സമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ മാനേജർമാർ - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,സ്റ്റിൽസ് - ഹരി തിരുമല,പിആർഒ-വാഴൂർ ജോസ്