'വാഴ 2' ട്രെയിലര്‍ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

പ്രേമത്തിനെന്താ കുഴപ്പമെന്ന് അൽഫോൺസ്; ചിരിയും നൊസ്റ്റുവും നിറച്ച് 'വാഴ 2' ട്രെയിലര്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

2024-ലെ സൂപ്പര്‍ഹിറ്റ് ചിത്രം 'വാഴ - ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സി'ന്റെ രണ്ടാം ഭാഗമായ 'വാഴ 2 - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചിത്രം, ആദ്യ ഭാഗം പോലെ തന്നെ കോമഡിക്കും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന ഒന്നാണെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തിയ ഹാഷിര്‍, അജിന്‍ ജോയ്, വിനായക്, അലന്‍ ബിന്‍ സിറാജ് എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്കൊപ്പം പ്രശസ്ത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, ബിജുക്കുട്ടന്‍, സുധീഷ്, വിജയ് ബാബു എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്. കൂടാതെ സാബിര്‍ എസ്, നിഹാല്‍ നിസാം, അമീന്‍, നിബ്രാസ് നൗഷാദ് തുടങ്ങിയ സോഷ്യല്‍ മീഡിയ തരംഗങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

'വാഴ 2' ട്രെയിലര്‍ പോസ്റ്റർ

അല്‍ഫോണ്‍സ് പുത്രന്റെ കള്‍ട്ട് ക്ലാസിക് ചിത്രം 'പ്രേമ'ത്തെക്കുറിച്ചുള്ള രസകരമായ പരാമര്‍ശങ്ങള്‍ ട്രെയിലറില്‍ ഇടംപിടിച്ചിട്ടുണ്ട്. പോലീസ് വേഷത്തിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ കഥാപാത്രം 'പ്രേമ'ത്തെക്കുറിച്ച് മോശമായി പറയരുതെന്നു പറയുന്ന രംഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു. കോളേജ് പശ്ചാത്തലത്തിലുള്ള യുവാക്കളുടെ സൗഹൃദവും തല്ലും തമാശകളും ഒപ്പം വൈകാരികനിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അഖില്‍ ഛായാഗ്രഹണവും കണ്ണന്‍ മോഹന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് വലിയൊരു നിര തന്നെയാണ്. മലയാളി മങ്കീസ്, അങ്കിത് മേനോന്‍, രജത് പ്രകാശ് എന്നിവരുള്‍പ്പെടെയുള്ള വലിയൊരു ടീമാണ് പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കിയിരിക്കുന്നത്. വിപിന്‍ ദാസ്, ഹാരിസ് ദേശം തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഐക്കണ്‍ സ്റ്റുഡിയോസാണ് വിതരണത്തിനെത്തിക്കുന്നത്.