മലയാള സിനിമയില്‍ ചരിത്രമെഴുതി 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' ആഗോളതലത്തിൽ 200 കോടി നേട്ടം പിന്നിട്ടു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഏപ്രില്‍ 24-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നേട്ടം. ഏപ്രില്‍ രണ്ടിനു പുറത്തിറങ്ങിയ സിനിമ ഇതിനോടകം ഈ വര്‍ഷത്തെ ഏറ്റവും വലിയ മലയാള ഹിറ്റായി മാറി. അണിയറപ്രവർത്തകരുടെ ചിത്രം സഹിതമുള്ള പോസ്റ്ററിലൂടെയാണ് വാഴ ടീം 200 കോടി നേട്ടത്തിന്റെ ആഹ്ലാദം പങ്കിട്ടത്.
കേരളത്തില്‍നിന്നുമാത്രം 100 കോടി രൂപ നേടുന്നതിലേക്കും ചിത്രം അടുക്കുകയാണ്. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ താരങ്ങളെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച സിനിമ, പുതുമുഖങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. വിപിന്‍ ദാസിന്റെ രചനയില്‍ സവിന്‍ സ ആണ് ചിത്രം സംവിധാനം ചെയ്തത്.
ആദ്യ ഭാഗമായ 'വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്' എന്ന ചിത്രത്തിന്റെ നേരിട്ടുള്ള തുടര്‍ച്ചയല്ലെങ്കിലും, യുവാക്കള്‍ നേരിടുന്ന സാമൂഹികവും കുടുംബപരവുമായ സമ്മര്‍ദങ്ങളെ ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണു രണ്ടാം ഭാഗവും ചെയ്യുന്നത്. വാഴ 2-ന്റെ വന്‍ വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
'വാഴ 3: ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് അടുത്ത ഭാഗത്തിനു നല്‍കിയിരിക്കുന്ന പേര്. പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രം വിശ്വന്‍ ശ്രീജിത്ത് സംവിധാനം ചെയ്യും. വിപിന്‍ ദാസ് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.