മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വെള്ളിത്തിരയിലേക്ക്. മോദിയുടെ ജീവിതം പ്രമേയമാകുന്ന 'മാ വന്ദേ' എന്ന സിനിമയിലാണ് ഉണ്ണിയുടെ മോദിയായുള്ള വേഷപ്പകർച്ച. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ ഈ ബയോപിക് സംവിധാനം ചെയ്യുന്നത് ക്രാന്തികുമാർ സി.എച്ച് ആണ്.
നരേന്ദ്ര മോദിയുടെ 75-ാം പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചത്.
തന്‍റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ഉണ്ണി കുറിച്ചു:
'അഹമ്മദാബാദിൽ വളർന്ന എനിക്ക്, ഒരു മുഖ്യമന്ത്രി എന്ന നിലയിൽ കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തെ അറിയാം. വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ടു കാണാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. അതൊരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിപരമായും മോദിയായി അഭിനയിക്കുന്നത് എനിക്കു വലിയ പ്രചോദനം നൽകുന്നതാണ്. അസാധാരണമായ രാഷ്‌ട്രീയജീവിതമാണ് അദ്ദേഹത്തിന്‍റേത്.
എന്നാൽ, ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള ഒരു മനുഷ്യനെയാണ് വരച്ചുകാണിക്കുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും മികച്ച വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള ബന്ധമാണ് പ്രധാനമായും സിനിമയുടെ ഇതിവൃത്തം. ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ രണ്ട് വാക്കുകൾ എന്നോടൊപ്പം എന്നും ഉണ്ടായിരുന്നു. ഗുജറാത്തിയിൽ, അദ്ദേഹം പറഞ്ഞു: 'ജൂക്വാനു നഹി', അതായത് 'ഒരിക്കലും തലകുനിക്കരുത്' എന്ന്. ഈ വാക്കുകൾ എനിക്കു ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്...'
ഈ പ്രത്യേക അവസരത്തിൽ, നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിജിക്ക് 75-ാം ജന്മദിനാശംസകൾ നേരുന്നതിൽ ഞാനും രാജ്യത്തോടൊപ്പം ചേരുന്നു...' ഹൃദ്യമായ വാക്കുകളോടെ ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
വിവിധ ഭാഷകളിലുള്ള പോസ്റ്ററുകൾ സഹിതമായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്. 'ദ് ആന്തം ഓഫ് എ മദർ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 'ഒരു അമ്മയുടെ ധൈര്യം പല യുദ്ധങ്ങളേക്കാൾ ശക്തമാണ്' എന്ന നരേന്ദ്രമോദിയുടെ വാക്കുകൾ സഹിതമാണ് പോസ്റ്റർ. സംവിധായകൻ ക്രാന്തി കുമാർ തന്നെയാണ് ചിത്രത്തിന്റെ രചന. നിർമാണം-എം.വീർ റെഡ്ഡി. സാങ്കേതികവിദഗ്ദ്ധരുടെ വലിയ നിരയാണ് ചിത്രത്തിൽ. 'ബാഹുബലി','ആർആർആർ' തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളുടെ ഛായാഗ്രാഹകൻ കെ.കെ.സെന്തിൽകുമാറാണ് ക്യാമറ. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം-രവി ബർസൂർ, എഡിറ്റിങ്-ശ്രീകർ പ്രസാദ്. ആക്ഷൻ കൊറിയോഗ്രഫി-കിങ് സോളമൻ. ഹിന്ദി,ഇംഗ്ലീഷ്,തെലുങ്ക്,തമിഴ്,മലയാളം,കന്നഡ,ഗുജറാത്തി,മറാത്തി തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.