
ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ ധനുഷിനേക്കാൾ മികച്ച മറ്റൊരു താരമില്ലെന്ന് വിശ്വസിക്കുന്നതായി സംവിധായകൻ ഓം റൗട്ട്. 'കലാം ദി മിസൈൽ മാൻ ഓഫ് ഇന്ത്യ'യിൽ ധനുഷിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ധനുഷ് ഒരു അസാധാരണ നടനാണ്. ആ വേഷം അദ്ദേഹം സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹം' -ഓം റൗട്ട് പറഞ്ഞു. 'തൻഹാജി: ദി അൺസങ് വാരിയർ', 'ആദിപുരുഷ്' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത റൗട്ട് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ധനുഷുമായുള്ള ചിത്രീകരണവിശേഷങ്ങൾ പങ്കുവച്ചത്.
ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലും ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിലും കലാമിന്റെ ജീവിതം വിവരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മേയിൽ കാൻ ഫിലിം മാർക്കറ്റിൽ റിലീസ് ചെയ്തിരുന്നു. സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ബാല ഗംഗാധര തിലകന്റെ ജീവിതകഥ പറയുന്ന 'ലോകമാന്യ: ഏക് യുഗ്പുരുഷ്' (2015) എന്ന മറാഠി ചിത്രത്തിലൂടെയാണ് റൗട്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മറാഠ യോദ്ധാവ് താനാജി മാലുസാരെയുടെ കഥയായ 'തൻഹാജി: ദി അൺസങ് വാരിയർ' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ഹിന്ദിയിലെ അരങ്ങേറ്റചിത്രമായിരുന്നു അത്.