പുതുവർഷദിനത്തിൽ മുൻ ഐ.പി.എസ് ഓഫീസറും മുതിർന്ന ബി.ജെ.പി നേതാവും ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റുമായ കെ. അണ്ണാമലൈയുമായി കൂടിക്കാഴ്ച നടത്തി ഉണ്ണി മുകുന്ദൻ. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ അണ്ണാമലൈയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണിതന്നെയാണ് കൂടിക്കാഴ്ചയുടെ വിവരംഅറിയിച്ചത്. നിയമസഭാതിരഞ്ഞെടുപ്പിൽ തൃശൂരിൽ ഉണ്ണിമുകുന്ദൻ ബി.ജെ.പിസ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ, കൂടിക്കാഴ്ച ഉണ്ണിയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.
ഉണ്ണിയുടെ കുറിപ്പ് ഇങ്ങനെ: '2026ലെ ആദ്യ ദിനം തന്നെ, ഞാനുൾപ്പെടെ പലർക്കും നിശ്ശബ്ദപ്രചോദനമായ ഒരാളുമായി ഉച്ചഭക്ഷണത്തിനിരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു- മുതിർന്ന ബിജെപി നേതാവും ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.അണ്ണാമലൈ. ഭക്ഷണത്തിൽ തുടങ്ങിയ ഞങ്ങളുടെ സംസാരം പിന്നീട് ജീവിതം, രാഷ്ട്രീയം, കായികം, സിനിമ, നമ്മെ രൂപപ്പെടുത്തുന്ന തീരുമാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ സംഭാഷണമായി മാറി. അനുഭവങ്ങൾ പങ്കിട്ടും ചിരിച്ചും കടന്നുപോയ ആ സമയം ഞാൻ ആലോചിച്ചത് എത്രത്തോളം സാഹസികവും ധീരതനിറഞ്ഞതുമായ ജീവിതമായിരുന്നിട്ടും ഇദ്ദേഹം അത്രത്തോളം തന്നെ വിനയവാനാണല്ലോ എന്നാണ്.
ഒരു പോലീസ് ഓഫീസർ, യൂണിഫോമിന്റെ ഉറപ്പുകളിൽ നിന്ന് പുറത്തേക്കിറങ്ങി, വിശ്വാസത്തിന്റെ ബലത്തിൽ മാത്രം നയിക്കപ്പെട്ട്, മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അനിശ്ചിത ലോകത്തേക്ക് കടന്നത് മറ്റുള്ളവർക്ക് എത്രമാത്രം പ്രചോദനകരമാണെന്ന കാര്യം ഞാൻ അദ്ദേഹത്തോട് പങ്കുവച്ചു. ബിയോണ്ട് കാക്കി(Beyond Khakhi) എന്ന അദ്ദേഹത്തിന്റെ പുസ്തകം, ഒരു വായനക്കാരനെന്ന നിലയിൽ മാത്രമല്ല, ലക്ഷ്യബോധമാണ് ഏറ്റവും അർത്ഥവത്തായ യാത്രകളെ നയിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരാളെന്ന നിലയിലും, എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അണ്ണാമലയ്ക്കും കുടുംബത്തിനും അവരുടെ സ്നേഹത്തിനും, വീട്ടുവളപ്പിന്റെ ചൂടുള്ള രുചിയുള്ള ഭക്ഷണത്തിനും, മനസുതുറന്ന സംഭാഷണത്തിനും ഹൃദയം നിറഞ്ഞ നന്ദി. ആ ഉച്ച സമയം വാസ്തവത്തിൽ ഏറെ പ്രത്യേകതനിറഞ്ഞതായിരുന്നു. ഈ കൂടിക്കാഴ്ച ഏറെ നാളായി കാത്തിരുന്നതായിരുന്നു. പക്ഷേ, പുതിയ ഒരു വർഷത്തിന്റെ ആദ്യ ദിനം തന്നെയായിരുന്നതിനാൽ, സമയം പൂർണ്ണമായും അനുയോജ്യമായിരുന്നുവെന്ന് തോന്നുന്നു. പ്രിയ സുഹൃത്തേ, നിങ്ങളുടെ സമയം, ചിന്തകൾ, ആത്മാർഥത — എല്ലാറ്റിനും നന്ദി. എപ്പോഴും മികച്ച ആശംസകൾ. പിന്നെ, ഏറെ നാളായി കാത്തിരിക്കുന്ന ആ ക്രിക്കറ്റ് മത്സരം ഒടുവിൽ കളിക്കാനാവുമെന്ന പ്രതീക്ഷയോടെ…'
ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമാ രംഗത്തും ഉണ്ണി മുകുന്ദൻ പുതിയ മേഖലകളിലേക്ക് കടക്കുകയാണ്. സംവിധായകനായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ഉണ്ണി. സൂപ്പർഹീറോ ടൈപ്പ് സിനിമയായിരിക്കും ഇത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം വലിയ ബജറ്റിൽ ഒരുങ്ങുന്ന ഒരു പ്രോജക്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് 2026-ൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമായ 'മാ വന്ദേ'യിൽ ഉണ്ണി മുകുന്ദനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം ഇപ്പോൾതന്നെ ദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.