

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മാ വന്ദേ’യുടെ പൂജ നടന്നു. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പാൻ-ഇന്ത്യ ബയോപിക്കിന്റെ തുടക്കം പരമ്പരാഗത വന്ദൻസ് പൂജാ ചടങ്ങുകളോടെയായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ക്രാന്തി കുമാർ സി. എച്ച്., നിർമാതാക്കൾ, പ്രധാന താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതമാണ് ‘മാ വന്ദേ’ പറയുന്നത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ ചിത്രം ഇതിനകം ശ്രദ്ധേനേടിക്കഴിഞ്ഞു. അമ്മ-മകൻ ബന്ധത്തിന്റെ കഥ കൂടി പറയുന്നതാകും ചിത്രമെന്ന വാർത്തയും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.'ഒരു കഥാപാത്രമല്ല, ഉത്തരവാദിത്വമാണ്' എന്നാണ് ഉണ്ണി മുകുന്ദൻ, തന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചത്.
ചിത്രത്തിന്റെ പ്രധാനഭാഗം നേരന്ദ്ര മോദിയുടെ അമ്മ ഹീരാബെന്റെ ത്യാഗത്തെയും മാതൃത്വത്തിന്റെ ശക്തിയെയും ആസ്പദമാക്കിയാണ്. 'രാജ്യത്തിന് മുമ്പിൽ ഒരു അമ്മ' എന്ന ആശയമാണ് ഈ സിനിമയിലൂടെ പ്രധാന സന്ദേശമായി മുന്നോട്ടുവയ്ക്കുന്നതെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്താലാണ് ചിത്രീകരിക്കുക. വമ്പൻ താരനിരയും ഉയർന്ന സാങ്കേതിക മികവും ‘മാ വന്ദേ’യെ പാൻ-ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായും, അടുത്ത ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും നിർമാതാക്കൾ അറിയിച്ചു.