വിസ്മയ മോഹന്‍ലാല്‍, ആശിഷ് ജോ ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' തിയേറ്ററുകളില്‍ വന്‍ ജനപ്രീതി നേടുന്നു. റിലീസ് ദിനത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളിലും ബോക്സ് ഓഫീസില്‍ ആധിപത്യം നിലനിര്‍ത്തുന്ന കാഴ്ചയ്ക്കാണ് ചലച്ചിത്രലോകം സാക്ഷ്യം വഹിക്കുന്നത്.
ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച മാത്രം ഇന്ത്യയില്‍ നിന്ന് 3.60 കോടി രൂപയാണ് ചിത്രം വാരിയത്. റിലീസ് ദിനത്തിലെ കളക്ഷനേക്കാള്‍ ഒരു കോടിയോളം രൂപയുടെ വന്‍ വര്‍ധനവാണിത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ കൂടി ചേര്‍ത്തതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ കളക്ഷന്‍ 10.56 കോടി രൂപ കടന്നു കഴിഞ്ഞു.
അതേസമയം, ആഗോളതലത്തില്‍ ആദ്യ ദിനം 6.93 കോടിയും രണ്ടാം ദിനം 8.25 കോടിയുമാണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ രണ്ടു ദിവസങ്ങളില്‍ മാത്രം ആഗോള ആകെ കളക്ഷന്‍ 15.20 കോടി രൂപയാണെന്ന് ചില ട്രേഡ് അനലിസ്റ്റുകള്‍ വെളിപ്പെടുത്തുന്നു.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവിചാരിതമായ സംഭവവികാസങ്ങളും അതിജീവനത്തിനായുള്ള പോരാട്ടവും പ്രമേയമാക്കിയാണ് ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. വിസ്മയയുടെയും ആശിഷിന്റെയും അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ സാന്നിധ്യവും ചിത്രത്തിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്. അഖില്‍ കൃഷ്ണയും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സായ് കുമാര്‍, മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ വലിയ താരനിര തന്നെ വേഷമിടുന്നുണ്ട്.