പ്രമുഖ സംവിധായകൻ മഹേഷ് നാരായണൻ നിർമിക്കുന്ന 'തലവര'യിൽ വ്യത്യസ്ത ഗെറ്റപ്പിൽ അർജുൻ അശോകന്. വെള്ളപ്പാണ്ടുള്ള ചെറുപ്പക്കാരനായാണ് അർജുൻ അഭിനയിക്കുന്നത്. ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രേവതി ശർമ നായികയാകുന്നു. അർജുൻ ഇതുവരെ ചെയ്തതിൽ വ്യത്യസ്തമായ കഥാപാത്രമാണെന്നും മികച്ച പ്രകടനമാണ് താരത്തിന്റേതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. പതിവിൽനിന്ന് വേറിട്ട നായകൻ ചലച്ചിത്രപ്രേമികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
റിലീസിനോട് അനുബന്ധിച്ചു പുറത്തിറക്കിയ പോസ്റ്റർ വലിയ ചലനമാണുണ്ടാക്കിയത്. ചിത്രത്തിലെ 'കണ്ട് കണ്ട്' എന്ന ഗാനം യൂട്യൂബിൽ ഒരുമില്യണിലധികം പേരാണ് കണ്ടത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനോടൊപ്പം ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ സിനിമകളുടെ നിർമാതാവായ ഷെബിൻ ബക്കറും നിർമാണപങ്കാളിയാകുന്നു.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വഥ് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നു. അഖിൽ അനിൽകുമാറിന്റെ തന്നെയാണ് സിനിമയുടെ കഥ. കോ-പ്രൊഡ്യൂസർ- റുവായിസ് ഷെബിൻ, ഛായാഗ്രഹണം- അനിരുദ്ധ് അനീഷ്, സംഗീതം- ഇലക്ട്രോണിക് കിളി, എഡിറ്റർ- രാഹുൽ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റാം പാർഥൻ.