സിദ്ദിഖ്. രണ്ട് കാലങ്ങളിലെ ചിത്രങ്ങൾ കടപ്പാട്-സിദ്ദിഖ് ഫേസ്ബുക്ക് പേജ്
Malayalam

'ആ നേരം അല്പദൂരം' മുതൽ 'ആരം' വരെ;സിനിമയിൽ 40വർഷം ആഘോഷിച്ച് സിദ്ദിഖ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മിമിക്രിയിലൂടെ സിനിമാലോകത്തെത്തി 350-ലധികം സിനിമകളിലൂടെ ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും നിർമാതാവായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിദ്ദിഖ് സിനിമയിലെത്തിയിട്ട് 40 വർഷങ്ങൾ. 'ആ നേരം അല്പദൂരം' എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാപ്രവേശം. അന്ന് മുതൽ ഇന്നുവരെ തന്‍റെ അഭിനയ സിദ്ധികൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുള്ള അദ്ദേഹം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. സിനിമയിലെത്തിയതിന്‍റെ 40 വർഷങ്ങൾ 'ആരം' സിനിമയുടെ ലൊക്കേഷനിൽ മധുരം പങ്കുവെച്ച് അദ്ദേഹം ആഘോഷിച്ചു.

സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്ന 'ആരം' സിനിമയുടെ അണിയറപ്രവർത്തകരാണ് സിദ്ദിഖിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് സിദ്ദിഖ് സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവെച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം' ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം ചെയ്യുന്നത്.

സിദ്ദിഖ് സിനിമയിലെത്തിയതിന്റെ നാല്പതാംവർഷം 'ആരം' സിനിമയുടെ സെറ്റിൽ ആഘോഷിച്ചപ്പോൾ

സൈജു കുറുപ്പിനും സിദ്ദിഖിനും പുറമെ അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ് സിനിമയിലെത്തിയതിന്റെ നാല്പതാംവർഷ ആഘോഷത്തിന്റെ ഭാ​ഗമായി 'ആരം' സിനിമയുടെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പി.ആർ.ഒ ആതിര ദിൽജിത്ത്.