'ബൾട്ടി' ട്രെയിലറിൽ ഷെയ്ൻ നി​ഗം സ്ക്രീൻ​ഗ്രാബ്
Malayalam

'പൊളിക്കണോ തെറിക്കണോ, പൊളിച്ചിട്ട് തെറിക്കാ'; 'ബൾട്ടി'യുടെ 'പൊളി' ട്രെയിലറെത്തി

പപ്പപ്പ റിപ്പോര്‍ട്ടര്‍

കേരളം - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാനെത്തുകയാണ് 'ബൾട്ടി'. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച്, സ്പോർട്സ് ആക്ഷൻ ജോണറിലുള്ള ചിത്രമാണിത്. ഷെയ്ൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തുന്ന 'ബൾട്ടി'യുടെ രണ്ട് മിനിറ്റ് 31 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 26നാണ് 'ബൾട്ടി'യുടെ വേൾഡ് വൈഡ് റിലീസ്.

കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകർക്ക് ഓരോ സെക്കൻഡും രോമാഞ്ചം നൽകുന്നതാണ് ട്രെയിലർ.

തീപ്പൊരി ആക്ഷനും ചടുലചലനങ്ങളുമായി ഷെയ്നും കൂട്ടരും നിറഞ്ഞാടുകയാണിതിൽ. ഇതുവരെ കാണാത്ത നായക വേഷത്തിൽ ഷെയ്ൻ നിഗം എത്തുന്ന ചിത്രം സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ്. 'ബൾട്ടി'യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഒട്ടേറെ താരങ്ങളുടെ വേറിട്ട മേക്കോവറുകൾ ചിത്രത്തിലുണ്ട് എന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിത്രത്തിൽ സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബുവായാണ് സംവിധായകൻ അൽഫോൺസ് പുത്രൻ എത്തുന്നത്. അസാധ്യ മെയ്‍വഴക്കവുമായി പഞ്ചമി റൈഡേഴ്സിന്‍റെ എല്ലാമെല്ലാമായ കുമാർ എന്ന കഥാപാത്രമായി തമിഴ് താരം ശന്തനു ഭാഗ്യരാജും ചിത്രത്തിലുണ്ട്. ആരേയും കൂസാത്ത ഭൈരവൻ എന്ന പ്രതിനായക കഥാപാത്രമായി 'ബൾട്ടി'യിൽ എത്തുന്നത് തമിഴിലെ ശ്രദ്ധേയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സെൽവരാഘവനാണ്. അദ്ദേഹത്തിന്‍റെ ആദ്യ മലയാള സിനിമയുമാണിത്.

ചിത്രത്തിൽ അതിശയിപ്പിക്കുന്ന മേക്കോവറിൽ എത്തുന്ന മറ്റൊരു താരം പൂർണ്ണിമ ഇന്ദ്രജിത്താണ്. ജീ മാ എന്ന കഥാപാത്രമായി ചിത്രത്തിൽ അതിശയിപ്പിക്കാനെത്തുകയാണ് താരം. പ്രീതി അസ്രാനിയാണ് ചിത്രത്തിലെ നായിക

ബൾട്ടി ട്രെയിലറിൽ നിന്ന്

‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു. സായ് ഈണമിട്ട് സുബ്ലാഷിനിയുമായി ചേർന്ന് ആലപിച്ച 'ജാലക്കാരി' എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. 'മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷമാണ് നിർമ്മാതാവ് സന്തോഷ്‌ ടി കുരുവിള 'ബൾട്ടി'യെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ‌

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോഓർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്റണി സ്റ്റീഫൻ, പിആർഒ: ഹെയിൻസ്, യുവരാജ്, മാർക്കറ്റിങ് - വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.