പ്രശസ്ത സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ (65) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെ എംസി റോഡിൽ അടൂർ ഏനാത്ത് വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻതന്നെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, ലോറി ഡ്രൈവർ സുധീഷ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കെ. നായർ, സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മിയുടെയും മകനാണ്.
1982-ൽ പുറത്തിറങ്ങിയ 'ഇത് ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തുന്നത്. വില്ലനായും നായകനായും സഹനടനായും ഹാസ്യനടനായും നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട 'മോഹിനിയാട്ടം' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ.
തിരുവനന്തപുരം എം.ജി. കോളജിലെ വിദ്യാഭ്യാസ കാലത്ത് നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു അദ്ദേഹം. സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമായിരുന്നു.
സന്തോഷിന്റെ നിര്യാണത്തിൽ മോഹൻലാൽ വികാരഭരിതമായ കുറിപ്പാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്. മോഹൻലാലിന്റെ വാക്കുകൾ:'ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.'