സലിംകുമാറും സുനിതയും വിവാ​ഹദിനത്തിൽ ഫോട്ടോ കടപ്പാട് ഫേസ്ബുക്ക്
Malayalam

അമ്മയെന്ന 'ചിന്തകി',സുനിതയെന്ന 'അപകടരമായ ദൃഢനിശ്ചയം'

പപ്പപ്പ റിസര്‍ച്ച് ടീം

'പണ്ട് ട്യൂഷന്‍ക്ലാസ്സില്‍ ഒപ്പം പഠിച്ചവളാണ് എന്റെ ഭാര്യ. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദം മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ നാട്ടുകാര് മതിലില്‍ ഒരു അധികചിഹ്നത്തിന്റെ അപ്പുറവും ഇപ്പുറവും പേരെഴുതിവച്ച് ഞങ്ങളെക്കൊണ്ട് പ്രേമിപ്പിച്ചു'-ഒരിക്കൽ സലിംകുമാര്‍ പറഞ്ഞു. ലാഫിങ് വില്ല എന്നുപേരിട്ട വീട്ടിൽ സുനിതയായിരുന്നു സലിമിന്റെ ഏറ്റവും വലിയ സന്തോഷം.

2024 സെപ്റ്റംബർ 14ന് ഫേസ്ബുക്കിൽ സലിംകുമാർ ഇങ്ങനെ കുറിച്ചു: 'എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് 'സ്ത്രീ മരങ്ങളാണ്.' ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്..'

സലിംകുമാറും ഭാര്യ സുനിതയും

അതിനും നാലുവർഷം മുമ്പ് മറ്റൊരു വിവാഹവാർഷികദിനത്തിലെ സലിമിന്റെ കുറിപ്പിൽ സ്വതസിദ്ധമായ നർമം സുനിതയ്ക്കൊപ്പം മാലയും ബൊക്കെയും പിടിച്ചുനിന്നു: 'കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല..'

സലിംകുമാറും ഭാര്യ സുനിതയ്ക്കും സംവിധായകൻ ലാൽജോസിനുമൊപ്പം കൃഷിത്തോട്ടത്തിൽ

അമ്മയെക്കുറിച്ചും സലിം പലവട്ടം ഇങ്ങനെ വൈകാരികമായി പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. ഒരിക്കൽ ഒരഭിമുഖത്തിൽ അദ്ദേഹം കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചും ഇങ്ങനെ ഓർത്തു: 'അമ്മയായിരുന്നു അന്നത്തെ ഏറ്റവും വലിയ ആശ്വാസം. ഇപ്പോ എന്റെ മകനെ സ്‌കൂള്‍സമയം കഴിഞ്ഞും കാണാതായാല്‍ ഞാന്‍ അസ്വസ്ഥനാകും. പക്ഷേ അവന്റെ പ്രായത്തില്‍ ഞാന്‍ സെക്കന്റ് ഷോയ്ക്ക്‌പോകുമായിരുന്നു. ഒരുമാതിരി ചന്തക്കാളയെ അഴിച്ചുവിട്ടതുപോലെയായിരുന്നു ജീവിതം. ചോദിക്കാനാരുമില്ലാത്ത അവസ്ഥ. പത്താംക്ലാസ്സ് ജയിച്ചപ്പോള്‍ മരണഫണ്ടില്‍നിന്ന് 501രൂപകിട്ടി. തല്ലിപ്പൊളിമാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ നാട്ടില്‍ അതായിരുന്നു അത്തവണകൂടുതല്‍. ഫസ്റ്റ്ക്ലാസ്സ് കിട്ടുന്ന ഒരുപാട് പേര്‍ ഉണ്ടായിരുന്നു. പക്ഷേ അക്കൊല്ലം ആരുമുണ്ടാകാഞ്ഞത് എന്റെ ഭാഗ്യം.

അമ്മയ്ക്ക് വിദ്യാഭ്യാസമില്ലായിരുന്നു. പക്ഷേ അമ്മ സംസാരിച്ചിരുന്നത് ജീനിയസിനെപ്പോലെയാണ്. 'ചിന്തകി' എന്നൊക്കെ വിളിക്കാം. കുട്ടിക്കാലത്ത് ഓടിക്കളിക്കുമ്പോള്‍ ഏഴൂക്കരയിലെ തോട്ടില്‍ തലകുത്തിവീണിട്ടുണ്ട് അമ്മ. ചെളിയില്‍ താണുപോയി. അതോടെ ക്ലാസ്സില്‍ എഴുന്നേറ്റുനിന്നായി അമ്മയുടെ പഠിത്തം. ഇരുന്നാല്‍ മൂക്കില്‍നിന്നൊക്കെ വെള്ളമൊഴുകാന്‍ തുടങ്ങും. അത് മനസ്സിലെപ്പോഴും വിങ്ങലായുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലെങ്കിലും അമ്മയ്ക്ക് അറിവില്ലാത്തെ മേഖലയില്ല. അമ്മ കയറുപിരിച്ചതുകൊണ്ട് പട്ടിണി കിടക്കേണ്ടിവന്നിട്ടില്ല. എന്റെ മനസ്സില്‍ നിറയെ കലയായിരുന്നു. വീട്ടില്‍ തിരുത്തല്‍വാദിയെപ്പോലെയായിരുന്നു ഞാന്‍. കണ്ട കാര്യങ്ങള്‍ ആരുടേയും മുഖത്ത് നോക്കിപ്പറയും. അത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അമ്മയ്ക്ക് കയറുപിരിക്കേണ്ടി വന്നത്. എനിക്ക് ആ 501 രൂപയ്ക്ക് കാത്തിരിക്കേണ്ടിവന്നത്.'

സലിംകുമാർ മക്കളായ ചന്തുവിനും ആരോമലിനുമൊപ്പം ഓണപ്പൂക്കളമിടുന്നു

വടക്കൻപാട്ടിലെ വീരനായകരുടെ പേരാണ് സലിംകുമാർ മക്കൾക്കിട്ടത്-ചന്തുവും ആരോമലും. അവരിൽ ചന്തു സലിംകുമാറിന്റെ സ്വപ്നങ്ങളെ ചതിച്ചില്ല. അച്ഛന്റെ ഏറ്റവും പ്രസിദ്ധമായ സിനിമയുടെ പേരുപോലെ 'ചതിക്കാത്ത ചന്തു'വായി മലയാളസിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു. മലയാളത്തിലെ ഏറ്റവും വലിയ രണ്ടു പണംവാരിപ്പടങ്ങളിൽ(മഞ്ഞുമ്മൽ ബോയ്സ്,ലോക:) ചന്തുവുണ്ട്. മകൻ സിനിമയിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ സന്തോഷത്തിലാണ് സലിം തന്റെ സിംഹാസനം വിട്ട് യാത്രയാകുന്നത്.